
പൂനെ: 10 വയസുകാരിക്ക് വിചിത്രമായ ശീലം. വയറിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 280 ഗ്രാം മുടി. റപുൻസെൽ സിൻഡ്രോം എന്ന അവസ്ഥയുള്ള പത്ത് വയസുകാരി സദാസമയവും മുടി കടിക്കുന്ന ശീലമാണ് പുലർത്തിയിരുന്നത്. കുട്ടിയുടെ വായിലൂടെ വയറിലെത്തിയ മുടി ചെറുകുടലിലും ആമാശയത്തിലും പിത്താശയത്തിലും വരെ മുടിയെത്തിയതോടെ അതി കഠിനമായ വേദനയാണ് പത്ത് വയസുകാരിക്ക് അനുഭവപ്പെട്ടിരുന്നത്. പൂനെയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിൽ ഇത്തരത്തിൽ മുടി എത്തുന്നത് അപൂർവ്വമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടി പൂർണമായി നീക്കാനായത്. കുട്ടിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം കൂടി ലഭ്യമാക്കേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. പെരുമാറ്റങ്ങളിലെ വൈകല്യങ്ങളിലൊന്നായാണ് റപുൻസെൽ സിൻഡ്രോമിനെ വിലയിരുത്തുന്നത്. പത്ത് മാസത്തിലേറെ വയറു വേദന നീണ്ടതോടെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക പരിശോധനയിൽ വലിയൊരു മുഴയ്ക്ക് സമാനമായ വസ്തു വയറിൽ കണ്ടെത്തിയതോടെ സിടി സ്കാൻ ചെയ്യുകയായിരുന്നു. ഇതിലാണ് വയറിൽ മുഴുവനും ചെറുകുടലിലും പിത്താശയത്തിലും മുടി എത്തിയതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പത്ത് വയസുകാരിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. 2.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കാൽ കിലോയിലേറെ ഭാരമുള്ള വസ്തു പുറത്തെടുത്തത്. റപുൻസെൽ സിൻഡ്രോമുള്ളവരിൽ പോലും ഇത്രയധികം ഭാരം മുടി നീക്കം ചെയ്യേണ്ടി വരുന്നത് അപൂർവ്വമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
മുടി ദഹിക്കാതെ കിടക്കുന്നതിനാൽ ആമാശയത്തിൽ ദഹനത്തിന സഹായിക്കുന്ന ദഹന രസങ്ങളുമായി ചേർന്ന് മുടിക്ക് പന്തിന്റെ ആകൃതിയിലേക്ക് എത്തുകയായിരുന്നു. പോഷഹാകാര കുറവ് മൂലമുള്ള ബുദ്ധിമുട്ടുകളും അൾസർ പോലുള്ള രോഗങ്ങളും ഇത്തരക്കാരിൽ അനുഭവപ്പെടുന്നത് സാധാരണമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. ഒസിഡി, സമ്മർദ്ദം, വിഷാദ രോഗം എന്നിവ അനുഭവപ്പെടുന്നവരും മുടി കഴിക്കുന്നതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ഡോക്ടർമാർ വിശദമാക്കുന്നത്.