
ദില്ലി: ദില്ലി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻഐഎ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ആശുപത്രിയിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. പൊലീസ് കൂടുതൽ ബാരിക്കേടുകൾ നിരത്തി. ദില്ലിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യൽ സെൽ പരിശോധനയാണ് നടക്കുന്നത്. എയർപോർട്ടുകളിൽ അടക്കം ജാഗ്രത നിർദേശം നൽകി. പൊട്ടിത്തെറിച്ച കാറിൽ രണ്ടിലധികം ആൾക്കാർ ഉണ്ടയിരുന്നതായാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു കാർ മെട്രോ സ്‌റ്റേഷന് സമീപത്ത് റെഡ് സിഗ്നലിൽ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാർ പൊട്ടിത്തെറിച്ച് തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ 13 ജീവനുകളാണ് നഷ്ടപ്പെട്ടത്. 25 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ആറോളം പേരുടെ നില ഗുരുതരമാണ്. ചെങ്കോട്ടക്ക് മുന്നിലെ റോഡിൽ ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam