
ദില്ലി: ദില്ലിയിലെ റെഡ്‌ഫോർട്ടിനടുത്ത് നടന്ന ഉഗ്ര സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ ബോംബ് സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വിവരിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു. സ്ഫോടന ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും മോദി പറഞ്ഞു. ദില്ലി പൊലീസ് കമ്മിഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ദില്ലിയെ നടുക്കിയ കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ വരും മണിക്കൂറുകളിൽ സ്ഥിരീകരണമുണ്ടാകും. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ദില്ലി സ്ഫോടനം നടന്ന സ്ഥലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പൊട്ടിത്തെറി സംഭവിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻ ഐ എ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം ദില്ലിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.