
ദില്ലി: രാജ്യത്ത് കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ വൻ വർധനയെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ. 2016നെ അപേക്ഷിച്ച് 2020ല്‍ അഞ്ചിരട്ടിയിലധികം വർധനയാണ് ഉണ്ടായതെന്നും ധനമന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. 2016ല്‍ 15 കോടി രൂപ മൂല്യമുള്ള കള്ളനോട്ട് പിടിച്ചെടുത്തപ്പോള്‍ 2020ല്‍ 92 കോടി രൂപ മൂല്യമുള്ള നോട്ടാണ് പിടിച്ചെടുത്തതെന്നാണ് സർക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, 2021-22 കാലയളവില്‍ ബാങ്കുകളില്‍ നിന്ന് 2,30,971 കള്ളനോട്ടുകള്‍ കണ്ടെത്തിയെന്നും കേന്ദ്രം അറിയിച്ചു.
എംപിമാരായ കെ സി വേണുഗോപാല്‍, സഞ്ജയ് റാവത്ത്, അമീ യാജ്നിക് എന്നിവരുടെ ചോദ്യത്തിനാണ് സർക്കാര്‍ പാർലമെന്‍റില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്നുള്ള റിസർവ് ബാങ്ക് റിപ്പോർട്ടും പുറത്ത് വന്നിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടിൽ 54.16 ശതമാനവും വർധനയുണ്ടായെന്ന് ആർബിഐ കണ്ടെത്തി.
റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപാ നോട്ടിന്റെ 39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 79,669 വ്യാജ നോട്ടുകൾ കണ്ടെത്തി (101.9 ശതമാനം വർധന). 2020-21 സാമ്പത്തിക വർഷത്തിൽ 2000 രൂപാ നോട്ടിന്റെ 8798 വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെങ്കിൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 നോട്ടുകൾ കണ്ടെത്തി. ആർബിഐ റിപ്പോർട്ടിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
2016ൽ നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ കള്ളനോട്ടുകൾ തടയാൻ എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തത് മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിർഭാഗ്യകരമായ വിജയമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ടിഎംസി നേതാവ് ഡെറക് ഒബ്രിയനും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നില്ലെയെന്ന് ഒബ്രിയാൻ ചോദിച്ചു. എന്നാൽ കള്ളനോട്ടുകളിൽ വൻ വർധനവെന്നാണ് ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുവെന്നും ഒബ്രിയാൻ ട്വീറ്റ് ചെയ്തു.
തൃശ്ശൂരിൽ ഓട്ടോ ഡ്രൈവർ യാത്രക്കാർക്ക് ബാക്കി കൊടുത്തത് മുഴുവൻ കള്ളനോട്ട്; ഒടുവിൽ പൊലീസ് പിടിയിൽ
തൃശ്ശൂർ: തൃശൂരിൽ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് 5000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഡ്രൈവർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസുകാരനാണ് ജോർജ്. ഓട്ടോയിലെ യാത്രക്കാർക്കാണ് ഇയാൾ കള്ളനോട്ട് കൈമാറിയിരുന്നത്. നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam