Tripura Polls: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം, വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ

By Web TeamFirst Published Nov 28, 2021, 6:01 PM IST
Highlights

334 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 329 സീറ്റും ബിജെപി തൂത്തുവാരി.

അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് (Tripura civic polls) നടന്ന തെരഞ്ഞെടുപ്പിൽ വിജയം കൊയ്ത് ബിജെപി (BJP). 334 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 329 സീറ്റും ബിജെപി തൂത്തുവാരി. വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ (CPM) മറികടന്ന് തൃണമൂൽ കോൺഗ്രസ് (TMC) പ്രധാന പ്രതിപക്ഷമായി. 

ബിജെപിക്കും ,തൃണമൂൽ കോൺഗ്രസിനും ഇടയിൽ വാക്പോര് നടന്ന തെരഞ്ഞെടുപ്പിനൊടുവിൽ ബിജെപിക്ക് വൻ വിജയം. മുഖ്യമന്ത്രി ബിപ്ലവ് ദേവിൻറെ നേതൃത്വത്തിൽ മുഴുവൻ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  ബാക്കിയുള്ള 222 ഇടങ്ങളിൽ 217 ഇടത്തും ബിജെപിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ ആകെയുള്ള 51 സീറ്റും  ബിജെപി നേടി. ധർമനഗർ മുൻസിപ്പൽ കൌൺസിൽ, തെലിയാമുറ മുൻസിപ്പൽ കൌൺസിൽ, അമർപൂർ പഞ്ചായത്ത്, കോവൈ മുൻസിപ്പൽ കൌൺസിൽ, ബെലോണിയ മുൻസിപ്പൽ കൌൺസിൽ തുടങ്ങിയ ഇടത്തെല്ലാം മുഴുവൻ സീറ്റും ബിജെപി തൂത്തുവാരി. 

ഇരുപത് ശതമാനം വോട്ട്  നേടിയ തൃണമൂൽ കോൺഗ്രസ് അത സമയം സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി. ത്രിപുരയിലെ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഇതിലും അപമാനകരമായ തോൽവികൾ മമതാ ബാനർജിയെ ബംഗാളിലും കാത്തരിക്കുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. 

എന്നാൽ വെറും മൂന്നു മാസം കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിൽ പ്രധാന പ്രതിപക്ഷമാവാൻ സാധിച്ചത് പ്രധാന നേട്ടമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു. ത്രിപുരയിൽ അരങ്ങേറിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്. 2018ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബിജെപിക്ക് വലിയ ആശ്വാസമായി.

click me!