
ദില്ലി: വടക്കുകിഴക്കൻ ദില്ലിയിൽ കലാപം പടരുമ്പോള്‍ സകൂൾ വിട്ടു വരുന്ന കുട്ടികൾക്ക് സുരക്ഷ ഒരുക്കി നാട്ടുകാർ. യമുന നഗറിൽ നാട്ടുകാർ മനുഷ്യചങ്ങല ഉണ്ടാക്കി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന കാഴ്ച്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കലാപകലുഷിതമാണ് വടക്കു കിഴക്കൻ ദില്ലി.
വീടുകൾക്കും കടകൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. നാട് കത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരാകുന്നതിനിടെയാണ് സ്കൂളിലേക്ക് പോയ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ യമുനവിഹാറിലെ നാട്ടുകാർ ഒത്തുകൂടിയത്. കൈകള്‍ കോര്‍ത്ത് സുരക്ഷയൊരുക്കി അവര്‍ കുട്ടികള്‍ക്കൊപ്പം നടന്നു.
റോഡിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നിതിനിടെയാണ് ഈ കാഴ്ചയെന്നതാണ് ശ്രദ്ധേയം. മാധ്യമപ്രവർത്തകനായ ബോധിസത്വവ സെൻ റോയിയാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. രാജ്യതലസ്ഥാനത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
"
ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്. സൈന്യവും ദില്ലി പൊലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലപ്പോക്കിലാണ്. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രണ്ട് തവണയാണ് അമിത്ഷാ ഉന്നത തലയോഗം വിളിച്ചത്. ദില്ലി പൊലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു.
സൈന്യത്തിന്‍റെ സഹായം തേടണമെന്ന് രണ്ടാമത് നടന്ന ഉന്നത തലയോഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത്ഷായോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും ആവശ്യത്തിന് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam