ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

Published : Jan 06, 2025, 02:24 PM ISTUpdated : Jan 06, 2025, 02:45 PM IST
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

Synopsis

ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.

അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്.

സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല‍്കി. മാസ്ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം  

ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ  ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്.  രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.

ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോ ന്യുമോണിയയുണ്ടായിരുന്നു. രണ്ട് കു‍ഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കർണാടക ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ, ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

  'നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല' ; എച്ച്എംപിവിയെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഐസിഎംആർ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്
'ദമ്പതികൾക്കും കമിതാക്കൾക്കുമെല്ലാം ഒരുമിച്ച് സൗജന്യമായി യാത്ര ചെയ്യാം': എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ച് മുൻ മന്ത്രി