രാമനവമി: ലോക്ക്ഡൗണ്‍ ലംഘിച്ച് പങ്കെടുത്തത് നിരവധി പേര്‍

By Web TeamFirst Published Apr 2, 2020, 9:17 PM IST
Highlights

പലയിടത്തും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂജക്ക് ശേഷം ആളുകളോട് വീട്ടില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചു.
 

കൊല്‍ക്കത്ത: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂജക്ക് ശേഷം ആളുകളോട് വീട്ടില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചു.  ബലിഘട്ടയിലും മണിക്തലയിലും നൂറുകണക്കിനാളുകള്‍ ഒത്തുകൂടി.

കൊല്‍ക്കത്തയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരോട് ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. പല ക്ഷേത്രങ്ങളുടെ ഗേറ്റിന് മുന്നിലും വലിയ ക്യൂ കാണാമായിരുന്നു. ബര്‍ദ്വാന്‍, പുരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്‌നാപുര്‍ തുടങ്ങിയ ജില്ലകളില്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി. വെസ്റ്റ് മിഡ്‌നാപുരില്‍ ചായക്കടയില്‍ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് തകരാര്‍ സംഭവിച്ചു. 

നിരവധി ഷോപ്പുകളും തുറന്നു. റേഷന്‍ വാങ്ങാനും ആളുകള്‍ തടിച്ചുകൂടി. സൗത്ത് ദുംദും നഗരസഭയില്‍ ചെയര്‍മാന്‍ അഭിജിത് മിത്ര റേഷന്‍ വിതരണത്തിന് നേതൃത്വം നല്‍കി. ആളുകളോട് പുറത്തിറങ്ങരുതെന്നും ആവശ്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

click me!