
ദില്ലി: ദില്ലി ബാൽസ്വയിൽ ഭക്ഷണം വാങ്ങുന്നതിനായി രണ്ട് കിലോ മീറ്ററിൽ അധികം നീളമുള്ള ക്യൂ. സന്നദ്ധ സംഘടന നൽകുന്ന ഭക്ഷണം വാങ്ങാനാണ് പൊരി വെയിലിൽ ആളുകൾ കാത്തു നിൽക്കുന്നത്. 12 മണിക്ക് ശേഷം തുടങ്ങുന്ന ഭക്ഷണ വിതരണത്തിനായി ആളുകൾ രാവിലെ മുതൽ കത്തിയെരിയുന്ന സൂര്യന് കീഴെ ക്യൂ നിൽകുന്ന കാഴ്ചയാണ് ദില്ലിയിൽ കാണാൻ കഴിയുന്നത്. സർക്കാർ ഭക്ഷണം നൽകാത്തതിനാലാണ് ഇങ്ങനെ കാത്തുനിന്ന് ഭക്ഷണം വാങ്ങേണിവരുന്നതെന്ന് ഭക്ഷണം വാങ്ങാനെത്തിയവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീ ശിവ സേവക് ദില്ലി മഹാശക്തി എന്ന സംഘടനയാണ് ഭക്ഷണം വിതരണം നടത്തുന്നത്.
ദില്ലിയിലെ സ്ഥിരം കാഴ്ചയാണിത്. ചില ദിവസങ്ങളിൽ ഈ ക്യൂ മണിക്കൂറുകളോളം നീണ്ടുപോകും. ദില്ലി സർക്കാർ നൽകുന്ന സൗജന്യ ഉച്ചഭക്ഷണത്തിന് വേണ്ടി ചില ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ക്യൂ ആരംഭിക്കും. ദില്ലിയിലെ ബാദ്ലി സർക്കാർ സ്കൂളിന് മുന്നിൽ പതിവായി 500 പേരിലധികം ആളുകളാണ് ഇവിടെ സൗജന്യ ഉച്ചഭക്ഷണം വാങ്ങാൻ എത്തുന്നത്. പരിപ്പുകറി, വെജിറ്റബിൾ സ്റ്റൂ, ചോറ് ഇത്രയുമാണ് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തിയിരിക്കുന്നത്. 1200 ഓളം ആളുകൾ വരെ ചില സമയങ്ങളിൽ ക്യൂവിൽ ഉണ്ടാകും. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഉപജീവനമാർഗം നിലച്ച ആളുകളാണ് ഭക്ഷണം വാങ്ങുന്നതിനായി എത്തുന്നത്.
പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിന് വേണ്ടി 2500 ഓളം കേന്ദ്രങ്ങളാണ് ദില്ലിയിൽ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 1 വരെ പ്രതിദിനം പത്ത് ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ദില്ലി സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഭക്ഷണം ലഭിക്കാതെ തിരികെ പോകുന്നവരുമുണ്ട്. ചിലപ്പോൾ തൊട്ടടുത്തെത്തുമ്പോൾ ഭക്ഷണം തീർന്നു പോകാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam