രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വൻ വർധന: 12 മണിക്കൂർ കൊണ്ട് ആയിരത്തോളം കേസുകൾ

By Web TeamFirst Published Apr 19, 2020, 12:19 PM IST
Highlights

സാധാരണ ഒരു ദിവസം കൊണ്ട് ആയിരത്തോളം കേസുകളാണ് കൂടിയിരുന്നതെങ്കിൽ ശനിയാഴ്ച രാത്രിയിൽ നിന്ന് ഞായറാഴ്ച രാവിലത്തേക്ക് ആയിരത്തോളം കേസുകൾ കൂടിയതാണ് ആശങ്കയുണർത്തുന്നത്. ടെസ്റ്റിംഗ് പരമാവധി കൂട്ടാനാണ് സർക്കാർ തീരുമാനം.

ദില്ലി: രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിൽ കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർദ്ധന. പന്ത്രണ്ട് മണിക്കൂർ കൊണ്ട് ആയിരത്തോളം കേസുകളാണ് കൂടിയത്. സാധാരണ ഒരു ദിവസത്തിനകം ആയിരത്തോളം കേസുകളുടെ വർദ്ധന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനകം, രണ്ടായിരത്തോളം കേസുകളാണ് കൂടിയിരിക്കുന്നത്. ഈ കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നത് തന്നെയാണ്.

ഇതോടെ, ഏപ്രിൽ 19, ഞായറാഴ്ച രാവിലെ 9 മണി അനുസരിച്ച്, കൊവിഡ് രോഗികളുടെ എണ്ണം ആകെ 15,712 ആയി ഉയർന്നു. മരണസംഖ്യ, 507 ആയി. ഇന്നലെ രാത്രി, ഏപ്രിൽ 18, രാത്രി പത്ത് മണിക്ക്, 14792 രോഗബാധിതർ രോഗത്തുണ്ടെന്നായിരുന്നു കണക്ക്. മരണസംഖ്യ 488 ആയിരുന്നു.

കണക്കുകളുടെ താരതമ്യം ഇങ്ങനെ:

അതേസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, അഥവാ ഐസിഎംആർ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെ കണക്ക് 16,000 കടന്നു. കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കിൽ നിന്ന് ഏതാണ്ട് 600-ഓളം കേസുകളുടെ വർ‍ദ്ധന ഐസിഎംആറിന്‍റെ കണക്കുകളിലുണ്ട്. 

ഈ സാഹചര്യത്തിലാണ് ഇന്നലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മന്ത്രിതലയോഗം വിളിച്ച് ചേർത്തത്. ഏപ്രിൽ 20-ന് ശേഷം ഹോട്ട്സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ സാമ്പത്തിക നടപടികൾ തുടങ്ങാനാണ് യോഗത്തിൽ ഏകദേശധാരണയായിരിക്കുന്നത്. അതിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായും സെൻട്രൽ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ കൊവിഡ് വാർ റൂമിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. 

രോഗികളുടെ എണ്ണത്തിൽ ഇന്നും ഇന്നലെയുമായി മാത്രം ഇത്രയധികം വർദ്ധന വന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിദിനം നടത്തുന്ന വാർത്താസമ്മേളനത്തിൽ എന്ത് പറയും എന്നത് പ്രധാനമാണ്. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും രോഗമുക്തി നേടിയവരുടെ എണ്ണം കൂടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാകട്ടെ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി.

14.19 ശതമാനം പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് കേന്ദ്രത്തിന്‍റെ കണക്ക് പറയുന്നു. ശനിയാഴ്ച ഇത് 13.85% ആയിരുന്നു. വെള്ളിയാഴ്ച ഇത് 13.06% ആയിരുന്നു. വ്യാഴാഴ്ച 12.02%, ബുധനാഴ്ച 11.41%, ചൊവ്വാഴ്ച 9.99 ശതമാനം. ഇതുവരെ 2231 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കഴിഞ്ഞ 14 ദിവസത്തിൽ പുതിയ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത 22 ജില്ലകളിൽ 12 സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. മഹാരാഷ്ട്രയിൽത്തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 3600-ലധികം കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. മുംബൈയിലെ ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 117 ആയിട്ടുണ്ട്. 

ദില്ലിയിൽ നഴ്സുമാർക്കും കൂട്ടത്തോടെ രോഗം ബാധിക്കുകയാണ്. ജഹാംഗീർ പുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്കാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ നിലനിന്നപ്പോഴും ഇവർ പരസ്പരം സന്ദർശിച്ചിരുന്നുവെന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. ദില്ലിയുമായി അതിർത്തി പങ്കിടുന്ന വ്യവസായനഗരമായ നോയ്ഡയും ഗ്രേറ്റർ നോയ്ഡയും ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ വീണ്ടും ജില്ലാ മെഡിക്കൽ ഓഫീസറെ മാറ്റി. ഒരു മാസത്തിൽ ഇത് രണ്ടാം തവണയാണ് ഇവിടത്തെ മെഡിക്കൽ ഓഫീസറെ മാറ്റുന്നത്.

അതേസമയം, ജമ്മു കശ്മീരിലെ രജൗരി, കിഷ്ത്‍വാർ ജില്ലകളും പുൽവാമയും കേസുകളുടെ എണ്ണത്തിൽ കുത്തനെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 300-ലധികം കൊവിഡ് കേസുകളുണ്ടായിരുന്ന ജില്ലകളാണിവ. നിലവിൽ ഇവിടങ്ങളിലെ എല്ലാ രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടു. പുതിയ കേസുകളൊന്നും കഴിഞ്ഞ പത്ത് ദിവസത്തിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

ഇന്ത്യ രോഗവ്യാപനത്തിന്‍റെ കൊടുമുടി മെയ് ആദ്യവാരത്തിൽ എത്തുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ കണക്കുകൂട്ടൽ.

click me!