
ലഖ്നൗ: ഒളിച്ചോടിപ്പോയി പൊലീസ് സ്റ്റേഷനിൽ ഹാജരായ ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്. കാമുകനുമായുള്ള വിവാഹം നടത്താനും ഭർത്താവ് സഹായിച്ചു. ഉത്തർപ്രദേശിലെ മാലിഹാബാദിലാണ് സംഭവം.
ഉത്തർപ്രദേശിലെ പിആർഡി (സംസ്ഥാന സുരക്ഷാസേനയായ 'പ്രാന്തീയ രക്ഷക് ദൾ') ജവാനായ യുവാവാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ഒരുവർഷം മുൻപാണ് യുവാവും യുവതിയും വിവാഹിതരായത്. എന്നാൽ, ഏതാനുംദിവസം മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് യുവാവ് പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് യുവതി കാമുകനൊപ്പം മാലിഹാബാദ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
യുവതി സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ പൊലീസ് ഭർത്താവിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി. ഭർത്താവിനൊപ്പം തിരികെപോകാൻ ബന്ധുക്കളടക്കം നിർബന്ധിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. കാമുകനോടൊപ്പം ജീവിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. വിവാഹത്തിന് മുൻപുള്ള പ്രണയമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഇതോടെയാണ് വിഷയം കൂടുതൽ വഷളാക്കേണ്ടെന്ന് പറഞ്ഞ് വിവാഹബന്ധത്തിൽനിന്ന് പിന്മാറാൻ പിആർഡി ജവാനായ യുവാവ് തയ്യാറായത്. ഭാര്യ കാമുകനൊപ്പം പോകുന്നതിൽ എതിർപ്പില്ലെന്നും ഇദ്ദേഹം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവതിയും കാമുകനും സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. വിവാഹത്തിന് മുൻപ് കാമുകനോട് വിശ്വസ്തത പുലർത്തണമെന്ന് ജവാൻ യുവതിയോട് പറഞ്ഞതായും പൊലീസുകാർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരാതിയില്ലെന്നും ഇരുകൂട്ടരും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ചതായും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മാലിഹാബാദ് ഇൻസ്പെക്ടർ സുരേന്ദ്ര ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam