'ജനനം അമ്മയുടെ വിവാഹേതര ബന്ധത്തിൽ, അച്ഛനാരെന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം'; കേസിൽ സുപ്രീം കോടതി വിധി

Published : Jan 29, 2025, 02:28 PM ISTUpdated : Jan 29, 2025, 02:41 PM IST
'ജനനം അമ്മയുടെ വിവാഹേതര ബന്ധത്തിൽ, അച്ഛനാരെന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം'; കേസിൽ സുപ്രീം കോടതി വിധി

Synopsis

സ്വകാര്യതയുടെ അടിസ്ഥാനത്തിൽ പരിശോധനക്ക് സമ്മതിക്കാനുള്ള ആരോപണ വിധേയനായ ആളുടെ അവകാശവും അതേസമയം, തൻ്റെ ജീവശാസ്ത്രപരമായ പിതാവിനെ അറിയാനുള്ള  വ്യക്തിയുടെ അവകാശവും പരി​ഗണിച്ചാണ് വിധി പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

ദില്ലി: താൻ പിറന്നത് അമ്മയുടെ വിവാഹേതര ബന്ധത്തിലാണെന്നും യഥാർഥ അച്ഛാനാരാണെന്ന് അറിയണമെന്നാവശ്യപ്പെട്ട് മകന്‍ നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഡിഎൻഎ പരിശോധനയിലൂടെ അച്ഛനാരാണെന്ന് അറിയണമെന്നത് തന്റെ അവകാശമാണെന്നായിരുന്നു മകന്റെ പരാതി. 20 വർഷത്തോളം നീണ്ട കേസിനാണ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. 

തൻ്റെ ജീവശാസ്ത്രപരമായ പിതാവാണെന്ന് വ്യക്തിക്ക് മേലുള്ള മകന്‍റെ അവകാശവാദം അം​ഗീകരിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മകന്‍ ജനിച്ചപ്പോള്‍ ഇരുവരും വിവാഹ ബന്ധത്തില്‍ ആയിരുന്നതിനാല്‍ പരാതിക്കാരന്‍ അമ്മയുടെ മുൻ ഭർത്താവിൻ്റെ മകനാണെന്ന് തന്നെ അനുമാനിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. 1872 ലെ ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 112 പ്രകാരം വിവാഹത്തിന്‍റെ നിയമസാധുതയാണ് പിതൃത്വം നിർണയിക്കുന്നതിന്‍റെ അടിസ്ഥാനമെന്നും കോടതി വിധിച്ചു.

സ്വകാര്യതയുടെ അടിസ്ഥാനത്തിൽ പരിശോധനക്ക് സമ്മതിക്കാനുള്ള ആരോപണ വിധേയനായ ആളുടെ അവകാശവും അതോടൊപ്പം തൻ്റെ ജീവശാസ്ത്രപരമായ പിതാവിനെ അറിയാനുള്ള  വ്യക്തിയുടെ അവകാശവും പരി​ഗണിച്ചാണ് വിധി പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. താൻ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും മകൻ പറഞ്ഞു. അദ്ദേഹവും അമ്മയും ചികിത്സാ ചെലവുകൾ താങ്ങാൻ പാടുപെടുകയാണ്. ജീവശാസ്ത്രപരമായ പിതാവിൽ നിന്ന് സംരക്ഷണചെലവ് ലഭിക്കണമെങ്കിൽ അച്ഛനാരാണെന്ന് അറിയണമെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. 

23 കാരന്റെ അമ്മ 1989 ൽ വിവാഹിതയായി. 1991 ൽ ഒരു മകളുണ്ടായി. 2001ൽ മകൻ ജനിച്ചു. എന്നാൽ, ഇവർ 2003 ൽ ഭർത്താവുമായി വേർപിരിഞ്ഞു. 2006ൽ അവർക്ക് വിവാഹമോചനം ലഭിച്ചു. താമസിയാതെ, ഇവർ മകന്റെ ജനന രേഖകളിൽ പിതാവിൻ്റെ പേര് മാറ്റാൻ കൊച്ചി നഗരസഭയെ സമീപിച്ചു. തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ആ ബന്ധത്തിൽ നിന്നാണ് കുട്ടി ജനിച്ചതെന്നും യുവതി അധികൃതരോട് പറഞ്ഞു. കോടതി ഉത്തരവില്ലാതെ ജനന രേഖകൾ മാറ്റാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞതോടെ യുവതി നിയമപോരാട്ടം ആരംഭിച്ചു. 

ആരോപണവിധേയനായ പിതാവിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ 2007ൽ കോടതി ഉത്തരവിട്ടു. എന്നാൽ, 2008ൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾ ഹൈക്കോടതിയിൽ സമീപിച്ച് ഇളവ് നേടി. 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 112 ചൂണ്ടിക്കാട്ടിയ കോടതി, സാധുവായ വിവാഹത്തിനിടയിലോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് 280 ദിവസത്തിനുള്ളിലോ ജനിച്ച കുട്ടി ഭർത്താവിൻ്റെ നിയമാനുസൃത കുട്ടിയാണെന്ന് സ്ഥാപിക്കാനാണ് ഡിഎൻഎ പരിശോധന നടത്തേണ്ടതെന്നും വ്യക്തമാക്കി. കുഞ്ഞ് ജനിക്കുമ്പോൾ അമ്മയും ഭർത്താവും തമ്മിലുള്ള സാധുവായ ദാമ്പത്യം നിലനിൽക്കുന്നതിനാൽ കക്ഷികളെ ഡിഎൻഎ ടെസ്റ്റിന് റഫർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കീഴ്ക്കോടതി വിധിച്ചു.

2015-ൽ, മകൻ, സംരക്ഷണ ചുമതല പരാതിയുമായി കുടുംബ കോടതിയെ സമീപിച്ചു. തൻ്റെ മെഡിക്കൽ, വിദ്യാഭ്യാസ ചെലവുകൾക്കായി നിയമപരമായ പിതാവിൽ നിന്ന് ഒരു സംരക്ഷണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കേസ് വീണ്ടും കോടതിയിലെത്തി.  ആരോപണ വിധേയനായയാൾ ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു. 2018ൽ ഹൈക്കോടതി മകനു അനുകൂലമായി വിധി പ്രസ്താവിച്ചു. കുട്ടിയുടെ പിതാവിൽ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശം പരിഗണിക്കുമ്പോൾ ജനനത്തിൻ്റെ നിയമസാധുത അപ്രസക്തമാണെന്ന് വിധിയിൽ വ്യക്തമാക്കി. 

തുടർന്ന് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ അമ്മക്കും ഭർത്താവിനും ഇടയിൽ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്നതിൽ മകൻ പരാജയപ്പെട്ടുവെന്ന് ആരോപണ വിധേയനായ ആൾക്കുവേണ്ടി ഹാജരായ റോമി ചാക്കോ പറഞ്ഞു. മകന് മൂന്നാം കക്ഷിയിൽ ജീവനാംശം തേടാൻ കഴിയില്ലെന്നും ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവിടാനാകില്ലെന്നും ചാക്കോ പറഞ്ഞു. അതേസമയം, പിതൃത്വവും നിയമസാധുതയും വ്യത്യസ്തമായ ആശയങ്ങളാണെന്ന് മകൻ്റെ അഭിഭാഷകൻ ശ്യാം പദ്മൻ വാദിച്ചു. കുട്ടി നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ ജനിച്ചതാണെങ്കില്‍ പോലും പരിപാലനം ജീവശാസ്ത്രപരമായ പിതാവിൽ നിന്ന് അവകാശപ്പെട്ടതാണെന്നും അഭിഭാഷകൻ വാദിച്ചു. 

മകൻ ജനിച്ചപ്പോൾ അമ്മ ഭർത്താവിനെ വിവാഹം കഴിച്ചുവെന്നത് വസ്തുതയാണെന്നും ഉത്തരവിൽ വ്യക്തമാക്കി. അമ്മക്ക് വിവാഹേതര ബന്ധമുണ്ടെന്നും അത് അവൻ്റെ ജനനത്തിലേക്ക് നയിച്ചെന്നും അനുമാനിച്ചാലും നിയമസാധുത എന്ന അനുമാനം മാറ്റാൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. തൻ്റെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള മകൻ്റെ അവകാശവും പിതാവാണെന്ന് ആരോപിക്കപ്പെടുന്നയാളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേസമയം പരി​ഗണിക്കേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു. കോടതികൾ കക്ഷികളുടെ സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കണം. മറുവശത്ത്, കോടതികൾ കുട്ടിയുടെ ന്യായമായ താൽപ്പര്യം പരി​ഗണിക്കണം. 

നിർബന്ധിതമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യജീവിതം പുറംലോകത്ത് നിന്നുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി പറഞ്ഞു. ഇത് വ്യക്തിയുടെ അന്തസ്സും സമൂഹത്തിലെ നിലയും ഇല്ലാതാക്കാൻ കഴിയും. വ്യക്തിയുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കും. ഇക്കാരണത്താൽ, വ്യക്തിക്ക് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 

കുട്ടിയുടെ അമ്മയും കേസുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി തൻ്റെ അമ്മയുടെ വികാരങ്ങൾ അവഗണിച്ച് പിതൃത്വം ചോദ്യം ചെയ്യുന്ന സന്ദർഭങ്ങളിൽ അനന്തരഫലങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. അത്തരമൊരു അവകാശം നൽകുന്നത് ദുർബലരായ സ്ത്രീകൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാക്കും. അവർ കോടതിയിലും പൊതുജനമധ്യത്തിലും വിചാരണ ചെയ്യപ്പെടും. മാനസിക വിഷമം ഉണ്ടാക്കും. അവരുടെ അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം പ്രത്യേക പരിഗണന അർഹിക്കുന്നു‌വെന്നും കോടതി പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ഈ കേസ്, അതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളെ ബാധിച്ചിട്ടുണ്ടെന്നും അവസാനിപ്പിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര