ജോലിയില്ല, രോ​ഗിയായ മകനും ഭാര്യക്കും ജീവനാംശം നൽകാനാകില്ലെന്ന് യുവാവ്, വിവരാവകാശ രേഖ നൽകി കള്ളം പൊളിച്ച് ഭാര്യ

Published : Jul 02, 2025, 06:30 AM IST
RTI

Synopsis

വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഗാർഹിക പീഡനവും സ്ത്രീധന പീഡനവും നേരിടേണ്ടി വന്നതായും 2012 ൽ ജനിച്ച മകന് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭർത്താവ് ഉപേക്ഷിച്ചതായും യുവതി ആരോപിച്ചു

റാഞ്ചി: ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ. ഭർത്താവിന്റെ യഥാർത്ഥ വാർഷിക വരുമാനം 27 ലക്ഷം രൂപയാണെന്ന് വിവരാവകാശം നൽകി യുവതി തെളിയിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതി പ്രതിമാസം 90,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടു. മുൻ ഭാര്യയ്ക്ക് 50,000 രൂപയും ഓട്ടിസം ബാധിച്ച മകന് 40,000 രൂപയും നൽകാനാണ് വിധി. റാഞ്ചി കുടുംബ കോടതിയുടെ മുൻ വിധിയെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഗാർഹിക പീഡനവും സ്ത്രീധന പീഡനവും നേരിടേണ്ടി വന്നതായും 2012 ൽ ജനിച്ച മകന് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭർത്താവ് ഉപേക്ഷിച്ചതായും യുവതി ആരോപിച്ചു. തുടര്‍ന്ന് ജീവനാംശത്തിനായി കോടതിയെ സമീപിച്ചു.  എന്നാൽ ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാൻ കഴിയില്ലെന്നും തൊഴിൽ രഹിതനാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ഇയാളുടെ വാദം കീഴ്ക്കോടതി അംഗീകരിച്ചു. തുടർന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചതും വിവരാവകാശ നിയമപ്രകാരം ആദായ നികുതി വകുപ്പിൽ അപേക്ഷ നൽകിയതും. 

ഭർത്താവ് മുംബൈയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും കിഴിവുകൾക്ക് ശേഷം പ്രതിമാസം 2.3 ലക്ഷം രൂപ വരുമാനമുണ്ടെന്നും കാണിച്ച് ആദായനികുതി വകുപ്പിൽ നിന്നുള്ള വിവരാവകാശ മറുപടി യുവതി കോടതിയിൽ ഹാജരാക്കി. പരിശോധന കൂടാതെ ഭർത്താവിന്റെ സത്യവാങ്മൂലം സ്വീകരിച്ചതിന് കുടുംബ കോടതിയെ ജാർഖണ്ഡ് ഹൈക്കോടതി വിമർശിച്ചു. 

75% ബുദ്ധിപരമായ വൈകല്യമുള്ള ഒരു കുട്ടിക്ക് ദീർഘകാല പ്രത്യേക പരിചരണം ആവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഗസ്റ്റ് അധ്യാപികയും മുഴുവൻ സമയ പരിചാരകയും എന്ന നിലയിൽ അമ്മയുടെ ഇരട്ടി ഭാരം ബെഞ്ച് അംഗീകരിച്ചു. തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം, ഘടനാപരമായ ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി പ്രതിമാസം 53,000 രൂപ എന്ന സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ചു. സാമൂഹികമായി പ്രധാനപ്പെട്ട ഒരു വിധി എന്നാണ് ഹർജിക്കാരന്റെ അഭിഭാഷകൻ രാകേഷ് കുമാർ ഗുപ്ത വിധിയെ പ്രശംസിച്ചത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'