ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കോടതി

By Web TeamFirst Published Dec 21, 2019, 2:37 PM IST
Highlights

തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പോസ്റ്റുമോര്‍ട്ടം  നടപടികള്‍ പൂർത്തിയാക്കണമെന്നും മൃതദേഹം അതിന് ശേഷം വിട്ടു നല്‍കണമെന്നും കോടതി

ഹൈദരാബാദ്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍  ഇടപെട്ട് തെലങ്കാന ഹൈക്കോടതി. നാല് മൃതദേഹങ്ങളും റീ പോസ്റ്റുമോര്‍ട്ടം നടത്താൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കണമെന്നും മൃതദേഹം അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബന്ധുക്കളുടെ ഹർജിയിൽ ആണ് ഉത്തരവ്.  കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഏറ്റുമുട്ടലില്‍ നാല് പ്രതികളെയും ഹൈദരാബാദ് പൊലീസ് വധിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റീ പോസ്റ്റ്മോർട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം.ഇതിനെത്തുർന്നാണ് തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടത്. 

നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. യുവതി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത്. 

വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും, തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ ജഡ്ജിംഗ് പാനലിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

click me!