
ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ മായംകലർന്ന 25,000 കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാരുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീം(HFAST) നടത്തിയ പരിശോധനയിലാണ് വൻതോതിൽ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രത്യേകസംഘം നഗരത്തിലെ 13-ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്ത വ്യാപാരികളുടെ കേന്ദ്രങ്ങളിലടക്കം പരിശോധനയുണ്ടായി. ഈ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ പല രാസവസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളിൽ കലർത്തുന്നതായി കണ്ടെത്തിയത്. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മാരകമായ നിറങ്ങളും ചായങ്ങളും ടാൽക്കം പൗഡറും ഉൾപ്പെടെയാണ് വിവിധ സുഗന്ധവ്യഞ്ജനങ്ങളിൽ കലർത്തിയിരുന്നത്.
ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികളിൽ ഉപയോഗിക്കുന്ന ചായവും ടാൽക്കം പൗഡറും എണ്ണയും ചേർത്താണ് കൃത്രിമമായി തിളക്കവും തൂക്കവും വർധിപ്പിച്ചിരുന്നത്. ഗ്രാമ്പൂ, ജീരകം തുടങ്ങിയവയിൽ തിളക്കം കൂട്ടാനായി സിന്തറ്റിക് നിറങ്ങളും ചായങ്ങളും ഉപയോഗിച്ചിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഭക്ഷണത്തിലെ മായം കണ്ടെത്താനായി പൊലീസും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചത്. ഇതുവരെ നഗരത്തിലെ വിവിധയിടങ്ങളിലായി 659 റെയ്ഡുകളാണ് ഈ സംഘം നടത്തിയത്. 202 എഫ്ഐആറുകൾ രജിസ്റ്റർചെയ്തു. 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളിൽ മായംകലർത്തുന്ന ശൃംഖലയെ പൂർണമായും ഇല്ലാതാക്കുന്നത് വരെ പരിശോധനകൾ ഊർജിതമായി തുടരുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന വി.സി. സജ്ജനാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam