
ദില്ലി: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സുപ്രീംകോടതി (Supreme Court) നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഉത്തരവാദികളായ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. പൊലീസ് വാദങ്ങള്‍ എല്ലാം തെറ്റാണെന്നും സിസിടവി ദൃശ്യങ്ങള്‍ അടക്കം മാറ്റിയെന്നും സമിതി കണ്ടെത്തി. രക്ഷപ്പെടുന്നതിനിടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്ന വാദം തള്ളിയാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയുടെ കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പൊലീസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നു.
മുഹമ്മദ് സിറാജുദ്ദീന്‍, കെ രവി, ഷെയ്ക്ക് ലാല്‍ എന്നീ പൊലീസുകാരാണ് നാല് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മറ്റ് ഏഴ് പൊലീസുകാര്‍ ഈ സമയം ഒപ്പമുണ്ടായിരുന്നു. യഥാര്‍ത്ഥ സംഭവം പുറത്ത് വരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ മാറ്റി. പകരം പൊലീസ് തന്നെ നിര്‍മ്മിച്ചെടുത്ത വീഡിയോയാണ് പ്രചരിപ്പിച്ചത്. ഉത്തരവാദികളായ പത്ത് പൊലീസുകാര്‍ക്ക് എതിരെ കൊലപാതക കുറ്റത്തിന് വിചാരണ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. സുപ്രീംകോടതിയിലെ മുൻ ജസ്റ്റിസ് വി എസ് സിർപുർകര്‍, സിബിഐ മുൻ ഡയറക്ടർ ഡി ആര്‍ കാര്‍ത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരടങ്ങിയ സമിതിയുടേതാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല.
തുടര്‍നടപടികള്‍ക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന പ്രതികളിലൊരാളുടെ അച്ഛന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തിന്‍റെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്നംഗ സമിതിയെ കോടതി ചുമതലപ്പെടുത്തിയത്. 2019 ഡിസംബറിലാണ് തെലങ്കാനയില്‍ പ്രതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിനെ ആക്രമിച്ച പ്രതികളെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ് വാദം. വെറ്റിനറി ഡോക്ടറായ 27 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ ജനരോഷം തണുപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടിയെന്നായിരുന്നു ആരോപണം.