ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ അതിവേഗ വിചാരണ വേണമെന്ന് പൊലീസ്; കുറ്റപത്രം സമർപ്പിച്ചു

By Web TeamFirst Published Jul 29, 2022, 1:06 PM IST
Highlights

പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നും പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. കേസിൽ അതിവേഗ വിചാരണ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചത്. മെയ് 31നാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തത്.

350 പേജുകളുള്ള കുറ്റപത്രം രണ്ട് കോടതികളിലും സമർപ്പിച്ചിട്ടുണ്ട്. ജുവനൈൽ കോടതിയിലും നാമ്പള്ളി കോടതിയിലും. അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തവ‌ർ ആയതിനാലാണ് ജുവനൈൽ കോടതിയിലും വിചാരണ നടക്കുന്നത്. 65 സാക്ഷി മൊഴികളാണ് കേസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഒൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) എംഎൽഎയുടെ മകനാണ്. 

ഹൈദരാബാദ് കൂട്ട ബലാത്‌സംഗക്കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത നാലു പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജൂൺ ആദ്യവാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയായിരുന്നു. കേസിലെ പ്രായപൂർത്തിയാകാത്ത നാല് പ്രതികൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും ആദ്യ തിങ്കഴാഴ്ച  ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മുൻപാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. പ്രായപൂർത്തിയാകാത്ത ഒരു പ്രതി കൂടി ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രായപൂർത്തിയായ ഏക പ്രതി സദുദ്ദീൻ മാലിക് ഇപ്പോഴും ജയിലിലാണ്. 

മെയ് 28ന് പബിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പ്രതികൾ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. വീട്ടിലിറിയിക്കാം എന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷമായിരുന്നു അതിക്രമം. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളാണ് കേസിലെ പ്രായപൂ‍‍ർത്തിയാകാത്ത പ്രതികൾ. 

 


 

click me!