
ദില്ലി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ. മദനി ഉൾപ്പെടെ 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നാണ് കർണാടകം സുപ്രീംകോടതിയെ അറിയിച്ചത്. ഫോൺ കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്തു. അബ്ദുൾ നാസർ മദനി ഉൾപ്പെടെ 21 പ്രതികൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പുതിയ തെളിവുകൾ പരിഗണിക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉൾപ്പെടെയുള്ള പ്രതികൾ സുപ്രീംകോടതിയിലെടുത്ത നിലപാട്. തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തിൽ ഹാജരാക്കേണ്ടതായിരുന്നു എന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ഈ തെളിവകുൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കളമശ്ശേരി ബസ് കത്തിക്കല്‍: 3 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തി. കേസിൽ പ്രതികളായ തടിയന്‍റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ തമിഴ്നാട് സർക്കാർ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam