'ടെറസിന് മുകളില്‍ ഉഗ്ര ശബ്‌ദത്തോടെ വീണു, വീടിനുള്ളിൽ പുക നിറഞ്ഞു'; പാക് ആക്രമണം വിവരിച്ച് കശ്‌മീര്‍ വീട്ടമ്മ

Published : May 10, 2025, 10:03 AM ISTUpdated : May 10, 2025, 10:06 AM IST
'ടെറസിന് മുകളില്‍ ഉഗ്ര ശബ്‌ദത്തോടെ വീണു, വീടിനുള്ളിൽ പുക നിറഞ്ഞു'; പാക് ആക്രമണം വിവരിച്ച് കശ്‌മീര്‍ വീട്ടമ്മ

Synopsis

തുടര്‍ച്ചയായ മൂന്നാം ദിനവും അതിര്‍ത്തി ജില്ലകളില്‍ പാകിസ്ഥാന്‍ കനത്ത ആക്രമണം അഴിച്ചുവിടുകയാണ്, താനും മകളും നേരിട്ട ദുരന്തം വിവരിച്ച് കശ്‌മീര്‍ വീട്ടമ്മ

ജമ്മു: തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തി ജില്ലകളില്‍ കനത്ത ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. ഇന്ത്യന്‍ സൈന്യം ചുട്ട മറുപടികള്‍ നല്‍കിയിട്ടും പിന്‍വാങ്ങാതെ ഇന്ന് രാവിലെയും പാകിസ്ഥാന്‍ പ്രകോപനം അഴിച്ചുവിട്ടു. ജമ്മു കശ്‌മീരിലും പഞ്ചാബിലും രാജസ്ഥാനിലും അതിര്‍ത്തി ജില്ലകളില്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കിയ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് ഗ്രാമീണര്‍. ജനവാസ മേഖലകള്‍ തിര‍ഞ്ഞെടുപിടിച്ചാണ് പാകിസ്ഥാന്‍ ഡ്രോണ്‍, ഷെല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഭയാനകമായ ഈ ദുരിതാവസ്ഥ വിവരിക്കുന്ന ഒരു വീട്ടമ്മയുടെ പ്രതികരണം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ജമ്മു കശ്‌മീരിലെ ഒരു വീട്ടമ്മയായ ഇന്ദിര പരിഹാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പാക് ആക്രമണത്തെ കുറിച്ച് സംസാരിച്ചു. ഇന്ന് രാവിലെ അവരും മകളും നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചു. 'രാവിലെ 6.30നാണ് അത് സംഭവിച്ചത്. എന്താണ് എന്‍റെ വീടിന് മുകളിലേക്ക് വീണത് എന്ന് എനിക്കറിയില്ല. എന്നാല്‍ അത് വീടിനുള്ളിലെത്തുകയും, വീടിനുള്ളില്‍ പുക നിറയുകയും ചെയ്തു. ഞങ്ങള്‍ എങ്ങനെയോ വാതില്‍ തുറന്നോടി രക്ഷപ്പെടുകയായിരുന്നു. ഞാനും എന്‍റെ മകളും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഞങ്ങളിപ്പോള്‍ സുരക്ഷിതരാണ്. എന്നാല്‍ വീടിന് നാശനഷ്ടങ്ങളുണ്ട്. ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനങ്ങളാണ് സംഭവിക്കുന്നത്'- എന്നും ഇന്ദിര പരിഹാര്‍ പറഞ്ഞു. 

തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ പാകിസ്ഥാന്‍ കനത്ത ആക്രമണം അഴിച്ചുവിടുകയാണ്. ഇന്ന് രാവിലെയും ആക്രമണം തുടരുകയാണ് പാകിസ്ഥാൻ. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം ഇന്നലെ രാത്രിയിലും പാകിസ്ഥാന്‍ തുടർന്നു. വിജയകരമായി പ്രതിരോധിച്ച ഇന്ത്യ അതിശക്തമായ പ്രത്യാക്രമണവും നടത്തി. പാക് എയർബേസുകൾ ഇന്ത്യൻ വ്യോമശേഷിയുടെ കരുത്തറിഞ്ഞപ്പോള്‍, ഇസ്ലാമാബാദും കറാച്ചിയും ലാഹോറും അടക്കം എട്ട് പാക് നഗരങ്ങളിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ജമ്മുവിലും ശ്രീനഗറിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. കരസേനയുടെ വടക്കൻ കമാൻഡ് ആസ്ഥാനമായ ഉദ്ധംപൂരിൽ മിസൈൽ ആക്രമണമുണ്ടായി. അമൃത്സറിലും രാവിലെ ഡ്രോൺ ആക്രമണം നടന്നു. ജലന്ധറിലും അപായ സൈറണുകൾ മുഴങ്ങി.

ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. എല്ലാ ആക്രമണ ശ്രമങ്ങളിലും ഇന്ത്യന്‍ സൈന്യം തകര്‍ത്തുതരിപ്പിണമാക്കിയെങ്കിലും സൈനിക കേന്ദ്രങ്ങളും വിമാനത്താവളവും ആക്രമിച്ചെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു. കൂടുതൽ ആക്രമണം ഉണ്ടാകുമെന്നും പാകിസ്ഥാന്‍റെ ഭീഷണിയുണ്ട്. ഇന്ത്യക്കെതിരെ യുദ്ധക്കപ്പലുകൾ വിന്യസിച്ചെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു. എന്നാല്‍ പാകിസ്ഥാന്‍റെ ഏത് ആക്രമണ ശ്രമവും തകര്‍ത്തുവിടാനുറച്ചാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം