
കൊൽക്കത്ത: ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയിൽ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. സീൽദ കോടതിയിൽ നിന്നും വെറും 6 കിലോമീറ്റർ ദൂരം മാത്രമുള്ള ശംഭുനാഥ് പണ്ഡിറ്റ് ലൈനിലെ തന്റെ വീടിന്റെ വാതിലിനരികിൽ ഇരുന്ന് മകൻ സഞ്ജയ് പ്രതിയായ ആർജി കർ ബലാത്സംഗ കേസിലെ വിധി വരുന്നതും കാത്തിരിക്കുകയായിരുന്നു അമ്മ മാലതി റോയ്.
"എനിക്കും മൂന്ന് പെൺകുട്ടികളുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന എത്രത്തോളമാണെന്ന് എനിക്ക് മനസിലാകും. അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ മകന് നൽകണം. തൂക്കിലേറ്റാനാണ് കോടതി വിധിക്കുന്നതെങ്കിൽ അതിനും തനിക്ക് വിരോധമൊന്നുമില്ല"- സഞ്ജയുടെ അമ്മ പറഞ്ഞു.
അതേസമയം പ്രതി സഞ്ജയുടെ പ്രവർത്തിയിൽ ഞെട്ടലിലാണ് സഹോദരി സബിത. "സഹോദരൻ ഇത്തരത്തിലുള്ള ക്രൂര പ്രവർത്തികൾ ചെയ്‌തെന്ന് ചിന്തിക്കാൻ പോലും തനിക്ക് കഴിയുന്നില്ല. ഇത് പറയുമ്പോഴും എനിക്ക് ഹൃദയം തകരുന്ന വേദനയുണ്ട്. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് നൽകണം. എന്നെപോലെ തന്നെ ഒരു സ്ത്രീയും ഡോക്ടറുമാണ് കൊല്ലപ്പെട്ട പെൺകുട്ടി"- സഹോദരി സബിത പറഞ്ഞു.
"ഈ സംഭവത്തിന് ശേഷം ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞു. കള്ളുകുടിച്ച് ബോധം നഷ്ടപ്പെട്ടാൽ പോലും അവൻ ഇത് ഒറ്റക്ക് ചെയ്യില്ല. സഞ്ജയ് അറസ്റ്റിലായ ദിവസം മുതൽ വീടിന് പുറത്തേക്ക് പോലും ഞങ്ങൾക്കിറങ്ങാൻ സാധിച്ചിട്ടില്ല. അയൽവാസികളൊക്കെ ഞങ്ങളുടെ കുടുംബത്തെ കുറിച്ച് മോശം വാക്കുകളാണ് പറയുന്നത്. ഞാൻ എന്നും അമ്പലത്തിൽ പോകുമായിരുന്നു. എന്നാൽ ഇതിന് ശേഷം അതും നിർത്തേണ്ടി വന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും വരെ പലതരം കുത്തുവാക്കുകൾ കേൾക്കേണ്ടതായി വന്നു" സബിത പറഞ്ഞു.
സംഭവത്തിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡയിൽ ആയിരുന്നപ്പോഴും അമ്മയോ സഹോദരിയോ സഞ്ജയെ കാണാൻ പോയിട്ടില്ല. ഓഗസ്റ്റ് 10 നാണ് സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ സായുധ സേനയുടെ ക്യാമ്പിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 2019 ൽ ഇയാൾ സന്നദ്ധ പ്രവർത്തകനായിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം ഏജൻസിയുടെ ചോദ്യചെയ്യലിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം സഞ്ജയ് റോയിയുടെ ശിക്ഷ തിങ്കഴാഴ്ച കോടതി വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതിക്ക് വ്യക്തമായതിനെ തുടർന്നാണ് ഇയാൾ കുറ്റക്കാരനാണെന്ന വിധി വന്നത്. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam