
ജബൽപൂർ: ഫ്ലെക്സ് പരസ്യ ബോർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിനിടെയുണ്ടായ അപകടത്തിൽ 64കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ശനിയാഴ്ച അപകടം സംഭവിച്ചത്. നിർമാണ പ്രവർത്തനത്തിനിടെ ലോഹ നിർമിതമായ ഭാരമുള്ള ഒരു വസ്തു താഴേക്ക് പതിക്കുകയായിരുന്നു. ഇത് താഴെ നിൽക്കുകയായിരുന്ന കാൽനട യാത്രക്കാരന്റെ കഴുത്തിലാണ് തറച്ചത്.
ജബൽപൂരിലെ അലഹബാദ് ബാങ്ക് ചൗക്കിൽ ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മുനിസിപ്പാലിറ്റിയിലെ കരാർ തൊഴിലാളികളാണ് ബോർഡ് സ്ഥാപിച്ചു കൊണ്ടിരുന്നത്. ഇതിനിടെ ഇവരുടെ കൈയിൽ നിന്ന് മൂർച്ചയുള്ള ഒരു വസ്തു അബദ്ധത്തിൽ താഴേക്ക് പതിക്കുകയായികുന്നു എന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അറിയിച്ചു.
ബോർഡ് നിർമാണം നടക്കുന്നതിന്റെ താഴെ നിൽക്കുകയായിരുന്ന കിഷൻ കുമാർ രജക് എന്നയാളുടെ കഴുത്തിലേക്കാണ് ഇത് വീണത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണവും തുടങ്ങി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണോ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന കാര്യം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam