
നിരവധി വാഹനങ്ങള്‍ കുതിച്ചുപായുന്ന തിരക്കേറിയ ഹൈവേയിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ യുവാക്കൾ കാർ പിന്നോട്ടെടുത്തത് രണ്ട് കിലോമീറ്റർ ദൂരം. വിപരീത ദിശയിൽ ഏറെ ദൂരം കൂടെപോയ പൊലീസ്, ഒടുവിൽ വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയിൽ ശ്രമം ഉപേക്ഷിച്ചു. കാറുമായി രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
അൻപത് സെക്കന്റോളം ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റെൻഷൻ എലവേറ്റഡ് റോഡിലാണ് സംഭവം. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചിരുന്ന യുവാക്കളെ തടയാൻ പൊലീസ് ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബുധനാഴ്ച രാത്രി 9.30ഓടെ പൊലീസ് കൺട്രോൾ റൂമിൽ ഒരു ഫോൺ കോൾ ലഭിച്ചു. എലിവേറ്റഡ് റോഡിലൂടെ അപകടരമായി ഒരു ഹ്യൂണ്ടായ് ഐ20 കാർ കുതിച്ചുപായുന്നു എന്നാണ് ആരോ വിളിച്ചറിയച്ചത്. റോഡിൽ തോന്നിയപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും അമിത വേഗതയിലും പോയ കാറിനുള്ളിൽ നാലോളം യുവാക്കളാണെന്നും ഇവര്‍ ഓടുന്ന വാഹനത്തിലിരുന്ന് തന്നെ മദ്യപിക്കുന്നുവെന്നും വിവരം കിട്ടി. കൺട്രോൾ റൂമിൽ നിന്ന് വിവരം അടുത്തുള്ള പട്രോളിങ് വാഹനത്തിന് കൈമാറി.
വഴിയിൽ കാത്തുനിന്ന് ഐ20 കാറിനെ പിടിക്കാൻ പൊലീസ് പട്രോൾ വാഹനം സജ്ജമായി. വാഹനം മുന്നിലെത്തിയപ്പോൾ നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത് ഗൗനിക്കാതെ ഡ്രൈവർ വന്ന ലേനിൽ കൂടെ തന്നെ കാർ റിവേഴ്സെടുക്കാൻ തുടങ്ങി. നിർത്താൻ ഭാവമില്ലെന്ന് മനസിലാക്കിയതോടെ വിപരീത ദിശയിലാണെങ്കിലും പൊലീസ് വാഹനം അതേ ട്രാക്കിലൂടെ ഇവരെ പിന്തുടരാനും ആരംഭിച്ചു.
കുതിച്ചുപായുന്ന നിരവധി വാഹനങ്ങള്‍ക്കിടയിലൂടെ ഐ20യും പൊലീസ് വാഹനവും നീങ്ങുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. ഒരുഘട്ടത്തിൽ പൊലീസ് വാഹനം കാറിന്റെ ബോണറ്റിൽ ഇടിക്കുകയും ചെയ്തു. ബൈക്കുകള്‍ ഉൾപ്പെടെ റോഡിലൂടെ വന്ന മറ്റ് വാഹനങ്ങള്‍ അപകടത്തിൽപെടാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എന്നാൽ ആളുകളുടെ സുരക്ഷയും മറ്റ് അപകടങ്ങളുണ്ടാവാനുള്ള സാധ്യതയും കണക്കിലെടുത്ത് കാറിനെ പിന്തുടരാനുള്ള ശ്രമം പൊലീസുകാർ പിന്നീട് ഉപേക്ഷിച്ചു.
വാഹനത്തിന്റെ വിവരങ്ങള്‍ കണ്ടെത്തി ഉടമയെയും ഓടിച്ചിരുന്നവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വിവിധ വകുപ്പുകള്‍ ചേർത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ്