
ഹൈദരാബാദ്: ബിആര്‍എസ് എംഎല്‍എയായ ജി ലാസ്യ നന്ദിത സഞ്ചരിച്ച വാഹനം പത്തുദിവസങ്ങള്‍ക്ക് മുന്‍പും അപകടത്തില്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 13ന് നര്‍ക്കട്ട്പ്പള്ളിയില്‍ വച്ചാണ് നന്ദിതയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബിആര്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നല്‍ഗൊണ്ടയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. ഈ സംഭവത്തില്‍ നര്‍ക്കട്ട്പ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് കെ കിഷോര്‍ മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പത്തുദിവസങ്ങള്‍ക്ക് ശേഷം, ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നന്ദിത മരണപ്പെടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു നന്ദിത മരിച്ചത്. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയിലാണോ കാര്‍ ഓടിച്ചിരുന്നതെന്ന് പരിശോധിക്കും. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മെറ്റല്‍ ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു. എംഎല്‍എയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റ ഡ്രൈവറും എംഎല്‍എയുടെ പിഎയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍ ബിആര്‍എസ് നേതാവും എംഎല്‍എയുമായിരുന്ന ജി സായന്നയുടെ മകളാണ് ലസ്യ നന്ദിത. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജി സായന്ന അന്തരിച്ചത്. 2023ല്‍ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് നന്ദിത എംഎല്‍എയായത്. 17,169 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ലസ്യ നേടിയ വിജയം. നന്ദിതയുടെ മരണത്തില്‍ കെ ചന്ദ്രശേഖര്‍ റാവു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.