അമിത് ഷാ ചമഞ്ഞ് ഗവര്‍ണറെ ഫോണ്‍ വിളിച്ചു; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By Web TeamFirst Published Jan 11, 2020, 4:48 PM IST
Highlights

സുഹൃത്തിന്‍റെ നിയമനത്തിനായി അമിത് ഷായാണെന്ന വ്യാജേന ഗവര്‍ണറെ വിളിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡ‍നെ ഫോണ്‍ വിളിച്ച വ്യോമസേന ഉദ്യോഗസ്ഥനെ മധ്യപ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ ആരോഗ്യ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്യാനാണ് ഇയാള്‍ ഗവര്‍ണറെ വിളിച്ചത്. വ്യോമസേന വിങ് കമാന്‍ഡറായ കുല്‍ദീപ് ബഘേലയും ഇയാളുടെ സുഹൃത്തും ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയുമാണ് അറസ്റ്റിലായത്. 

നിലവില്‍ ദില്ലിയിലെ ഇന്ത്യന്‍ വ്യോമസേന ആസ്ഥാനത്താണ് കുല്‍ദീപ് ബഘേല ഇപ്പോള്‍ ജോലി ചെയ്യുന്നത്. അമിത് ഷായുടെ പിഎ എന്ന രീതിയിലാണ് ഇയാള്‍ ഗവര്‍ണറോട് ഫോണില്‍ സംസാരിച്ചത്.  ജബല്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായി സുഹൃത്തായ ശുക്ലയുടെ പേരാണ് കുല്‍ദീപ് നിര്‍ദ്ദേശിച്ചതെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എഡിജി അശോക് അവാസ്തി പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

Read More: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് ശൃംഖല വ്യാപിപ്പിക്കുന്നതായി ദില്ലി പൊലീസ്

ആള്‍മാറാട്ടം നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിസി സ്ഥാനത്തേക്ക് ശുക്ല നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മുതിര്‍ന്ന് നേതാക്കള്‍ ശുപാര്‍ശ ചെയ്താല്‍ നിയമനം എളുപ്പമാകും എന്ന രീതിയില്‍ ശുക്ല വ്യോമസേന ഉദ്യോഗസ്ഥനെ സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ ഗൂഢാലോചന നടത്തി മഹാരാഷ്ട്ര ഗവര്‍ണറെ വിളിക്കുകയായിരുന്നു. 

click me!