കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് ശൃംഖല വ്യാപിപ്പിക്കുന്നതായി ദില്ലി പൊലീസ്

By Web TeamFirst Published Jan 11, 2020, 4:38 PM IST
Highlights

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദ സംഘടനയായ ഐഎസ് ശൃംഖലകള്‍ വ്യാപിപ്പിക്കുന്നതായി ദില്ലി പൊലീസ്.

ദില്ലി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദ സംഘടനയായ ഐഎസ് ശൃംഖലകള്‍ വ്യാപിപ്പിക്കുന്നതായി ദില്ലി പൊലീസ്. കേരളമടക്കമുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് വന്‍ രീതിയില്‍ സംഘടന വളര്‍ത്തുന്നതായും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് യോഗങ്ങള്‍ നടക്കുന്നതായും ഐഎസ് ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞതായും ദില്ലി പൊലീസ് വ്യക്തമാക്കുന്നു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. അതത് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദില്ലി പൊലീസ് പറയുന്നു.

ഐഎസുമായി ബന്ധമുള്ള പ്രധാന കണ്ണിയെ കണ്ടെത്താന്‍ അന്വേഷണസംഘം ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഐഎസ് ബന്ധമുള്ള ഒരാള്‍ ഗുജറാത്തിലും അറസ്റ്റിലായിട്ടുണ്ട്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ഷമീം, തൗഫിഖ് എന്നിവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദില്ലിയില്‍ ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍  നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ മഹാരാഷ്ട, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നന്നുള്ള ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!