വിങ് കമാൻഡർ അഭിനന്ദൻ വർധമാന് കശ്മീരില്‍ നിന്ന് സ്ഥലം മാറ്റം

By Web TeamFirst Published Apr 20, 2019, 8:05 PM IST
Highlights

പടിഞ്ഞാറൻ മേഖലയിലെ എയർ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.

ദില്ലി: പാക് സൈന്യത്തിന്‍റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലം മാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.

കഴിഞ്ഞ ഫെബ്രുവരി 27ന് പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ വിമാനം തകർന്ന് അഭിനന്ദൻ 60 മണിക്കൂറോളം അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. മാ‍ര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്. 

പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യൻ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയ കാര്യം മനസിലാക്കി ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചിരുന്നു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യൻ എയര്‍ഫോഴ്സിന്റെ മിഗ് 21 ബൈസൺ ജെറ്റ് തക‍ര്‍ന്ന് അഭിനന്ദൻ പാക്കിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങിയത്. 

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്–16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകർത്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാർശ ചെയ്തതായും വിവരമുണ്ട്. പുൽവാമയില്‍ 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

 

 

click me!