കർണ്ണാടക സർക്കാർ സ്കൂളുകളിൽ ഒടുവിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് പച്ചക്കൊടി

By Web TeamFirst Published Apr 20, 2019, 6:30 PM IST
Highlights

തെരഞ്ഞെടുക്കപ്പെട്ട 947 സ്കൂളുകളിലെയും അദ്ധ്യാപകരോട് കുട്ടികളെ കണ്ടെത്തി അഡ്‌മിഷൻ നൽകാൻ സർക്കാർ ആവശ്യപ്പെട്ടു

ബെംഗലുരു: കർണ്ണാടകത്തിൽ നീണ്ട 25 വർഷത്തെ കാത്തിരിപ്പിന് ശേഷം സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുമതി. സംസ്ഥാനം ഭരിക്കുന്ന കുമാരസ്വാമി സർക്കാരിന് തങ്ങളുടെ ഭരണനേട്ടങ്ങളിൽ ഒന്നായി അവതരിപ്പിക്കാവുന്ന തീരുമാനമാണിത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 947 വിദ്യാലയങ്ങളിലാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുക.

അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് കുട്ടികളെ കണ്ടെത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബെംഗലുരു നഗര പരിധിയിലാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് അനുമതി ലഭിച്ച 122 സ്കൂളുകളും. പ്രീപ്രൈമറി ക്ലാസുകളിലേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 2019-20 അധ്യയന വർഷം ഒന്നാം ക്ലാസിലും 2020-21 വർഷം രണ്ടാം ക്ലാസിലേക്കും ഇംഗ്ലീഷ് മീഡിയത്തിൽ പ്രവേശനം ലഭിക്കും.

അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക തസ്തിക സൃഷ്ടിക്കുമോയെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. കുമാരസ്വാമി സർക്കാർ അധികാരത്തിലേറിയത് മുതൽ സർക്കാർ സ്കൂളുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. കേരളത്തിൽ ഇടത് സർക്കാർ നടപ്പിലാക്കിയ സർക്കാർ സ്കൂൾ നവീകരണ പദ്ധതികളും ഇതിന് വലിയ പ്രേരകമായിരുന്നു.

click me!