ഡ്യൂട്ടിക്കിടെ ഓഫീസില്‍ വച്ച് വിവാഹം; ഐഎഎസുകാരനും ഐപിഎസുകാരിയും വിവാദത്തില്‍

By Web TeamFirst Published Feb 15, 2020, 7:53 PM IST
Highlights

തിരക്കുകള്‍ നിമിത്തം വിവാഹം നീട്ടിവക്കേണ്ടി വരുന്ന സാഹചര്യം വന്നതോടെയാണ് ഓഫീസ് കതിര്‍മണ്ഡപമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

കൊല്‍ക്കത്ത: ആഡംബര വിവാഹത്തിന് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്താനാവാത്ത ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായ യുവഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍ കുടുങ്ങി. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ല സേവനം ചെയ്യുന്നത്. പട്നയിലെ ഡിഎസ്പി ഓഫീസിലാണ് ഐപിഎസ് ഉദ്യോഗസ്ഥയായ നവ്ജ്യോത് സിമി ജോലി ചെയ്യുന്നത്. തുഷാര്‍ സിംഗ്ലയുടെ തിരക്കുകള്‍ നിമിത്തം വിവാഹം നീട്ടിവക്കേണ്ടി വരുന്ന സാഹചര്യം വന്നതോടെയാണ് ഓഫീസ് കതിര്‍മണ്ഡപമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

പട്നയില്‍ നിന്നും ഇന്നലെ രാവിലെ നവ്ജ്യോത് സിമി സിംഗ്ലയുടെ ഓഫീസിലെത്തുകയായിരുന്നു. ചുവന്ന സാരി ധരിച്ച് വധുവും സ്യൂട്ട് ധരിച്ച് വരനും വരന്‍റെ ഓഫീസില്‍ വച്ച്  രജിസ്റ്ററില്‍ ഒപ്പുവച്ചാണ് വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ക്ഷേത്ര ദര്‍ശനം കൂടി നടത്തിയതോടെ വിവാഹം പൂര്‍ത്തിയായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട്  വിരുന്ന് നല്‍കുമെന്നാണ് ദമ്പതികള്‍ വിശദമാക്കിയത്. പശ്ചിമ ബംഗാളിലെ നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും വിരുന്നെന്നും ദമ്പതികള്‍ വ്യക്തമാക്കി. 2021ലാണ് പശ്ചിമ ബംഗാളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ പഞ്ചാബ് സ്വദേശികളായ ഇരുവര്‍ക്കും ഇന്നലെ ഡ്യൂട്ടിക്കിടെ വിവാഹിതരായതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

എന്നാല്‍ ഓഫീസില്‍ വച്ച് നടന്ന വിവാഹ വിശേഷങ്ങള്‍ പുറത്ത് വന്നതോടെ ആശംസകളും ഒപ്പം വിമര്‍ശനങ്ങളും ദമ്പതികളെ തേടിയെത്തുന്നുണ്ട്. ഡിവിഷണല്‍ ഓഫീസിനെ കതിര്‍മണ്ഡപമാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ദമ്പതികളെ പിന്തുണച്ച് മന്ത്രി അരുപ് റോയിയെത്തി. ഒപ്പുവയ്ക്കുക മാത്രമാണ് നടന്നത്. മറ്റ് ചടങ്ങുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതിനാല്‍ ദമ്പതികളുടെ നടപടിയില്‍ തെറ്റില്ലെന്നാണ് അരൂപ് റോയി പ്രതികരിച്ചത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്‍ ഓഫീസില്‍ വച്ച് വിവാഹിതനായതില്‍ അപാകതയൊന്നും തോന്നുന്നില്ലെന്നും അരൂപ് റോയ് കൂട്ടിച്ചേര്‍ത്തു. 2015 പശ്ചിമ ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഷാര്‍, 2017ലെ ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് സിമി. 

click me!