
അഹമ്മദാബാദ്: ഒൻപത് മാസം മുൻപ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി. സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടർ 19 ലാണ് സംഭവം നടന്നത്. സൂര്യയുടെ ഭർത്താവ് രഞ്ജീത് കുമാർ ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഉൾപ്പെടെ പ്രതിയാണ് തമിഴ്നാട് സ്വദേശിനിയായ സൂര്യ. സൂര്യ തിരിച്ചുവന്നപ്പോൾ ഭർത്താവ് രഞ്ജീത് കുമാർ വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. മധുരയിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് പൊലീസിന്‍റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകാം സൂര്യ തിരിച്ച് ഗുജറാത്തിൽ എത്തിയതെന്ന് പൊലീസ് പറയുന്നു.
സൂര്യയും രഞ്ജീത്തും 2023 മുതൽ അകന്നുകഴിയുകയാണെന്ന് ഐഎഎസ് ഓഫീസറുടെ അഭിഭാഷകൻ ഹിതേഷ് ഗുപ്ത പറഞ്ഞു. വിവാഹ മോചന ഹർജിയും നൽകിയിട്ടുണ്ട്. വീട്ടിൽ പ്രവേശിപ്പിക്കാതിരുന്നത് പിന്നാലെ വിഷം കഴിച്ച ശേഷം യുവതി തന്നെ ആംബുലൻസ് വിളിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
'മഹാരാജ ഹൈക്കോർട്ട്' എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ടാനേതാവിനൊപ്പമാണ് ഒൻപത് മാസം മുൻപ് സൂര്യ ഒളിച്ചോടിയത്. ഇയാള്‍ക്കും സൂര്യക്കും സഹായി സെന്തിൽ കുമാറിനുമെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് ജൂലായ് 11 ന് തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സൂര്യ ഉൾപ്പടെയുള്ളവർക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. അതിനിടെയാണ് സൂര്യ ഭർത്താവിന്‍റെ വീട്ടിൽ എത്തിയത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഐഎഎസ് ഓഫീസർ തയ്യാറായില്ല.
സൂര്യ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാജ തന്നെ കെണിയിൽപ്പെടുത്തിയതാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ താൻ നിരപരാധിയാണെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ ഭർത്താവ് നല്ലയാളാണെന്നും താനില്ലാത്തപ്പോഴും കുട്ടികളെ നല്ല രീതിയിൽ പരിപാലിച്ചെന്നും കുറിപ്പിലുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
'ജോലി സ്ഥലത്ത് ബോഡി ഷെയ്മിംഗും മാനസിക പീഡനവും'; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി, കുറിപ്പ് കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam