
സഞ്ജീവ് ഖിർവാറും ഭാര്യയും സ്റ്റേഡിയത്തിൽ നായയോടൊപ്പം നടക്കുന്നു (ഫോട്ടോ കടപ്പാട് ഇന്ത്യൻ എക്സ്പ്രസ്)
ദില്ലി: വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ നായക്ക് നടക്കാൻ വേണ്ടി ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ദില്ലി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു. എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടികൾ വിവാദമായതിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാൻ ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam