
ദില്ലി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ അറിയിച്ചു. എലികളിലും മുയലുകളിലും വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. അനുമതി ലഭിച്ചാലുടൻ മനുഷ്യരിൽ ആദ്യ ഘട്ട വാക്സിൻ പരീക്ഷണം നടത്തുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ അറിയിച്ചു.
കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണ്. തുടർനടപടികൾ അവർ വേഗത്തിലാക്കുകയാണ്. ചൈനയും വാക്സിൻ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയിൽ നടത്തുകയാണ്. കൊവിഡ് വായുവിൽ കൂടി പകരാമെന്ന തരത്തിലുള്ള അനുമാനങ്ങളും അഭിപ്രായങ്ങളും പല ശാസ്ത്രജ്ഞരും മുമ്പോട്ട് വെക്കുന്നുണ്ട്. ഏറ്റവും പ്രധാനം ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക എന്നതാണ് എന്നും ബലറാം ഭാർഗവ പറഞ്ഞു. ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ 86 ശതമാനം കൊവിഡ് രോഗികളും 10 സംസ്ഥാനങ്ങളിലായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമ്പത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 36 ശതമാനം രോഗികളാണ് മറ്റ് എട്ട് സംസ്ഥാനങ്ങളിലായുള്ളത്. 20 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും ആരോഗ്യമന്ത്രാലയം സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam