ദില്ലി: രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി പടരവേ, 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവ. അത്തരത്തിൽ അടച്ചിട്ടാൽ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആർ തലവൻ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.
ഇതാദ്യമായിട്ടാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ആരോഗ്യ ഏജൻസികളിലൊന്നിന്‍റെ തലവൻ രാജ്യത്ത് ലോക്ക്ഡൗൺ അനിവാര്യമാണെന്ന് തുറന്നു പറയുന്നത്. രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളിലേക്ക് പടരുകയാണ്. സാമ്പത്തികമേഖലയിലുണ്ടായേക്കാവുന്ന വൻ തിരിച്ചടി കണക്കിലെടുത്ത് സമ്പൂർണലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ.
രാജ്യത്തെ 718 ജില്ലകളിലും നിലവിൽ 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മുംബൈ, ദില്ലി, ബെംഗളുരു എന്നീ നഗരങ്ങളിലും ടിപിആർ 10%-ത്തിന് മുകളിൽത്തന്നെ. എന്നാൽ ആദ്യത്തെ കൊവിഡ് വ്യാപനഘട്ടത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ ഗ്രാമീണ മേഖലകളിലേക്ക് കൂടി കൊവിഡ് വ്യാപകമായി പടരുന്നുവെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് ഒഴികെ കേരളമുൾപ്പടെ മറ്റെല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. പല സംസ്ഥാനങ്ങളും സാമ്പത്തികമേഖലയിലെ ചില വ്യവസായങ്ങളൊഴികെ ബാക്കിയെല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിത് മതിയാകില്ല എന്നാണ് ഐസിഎംആറിന്‍റെ മുന്നറിയിപ്പ്.
''വലിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ ജില്ലകളും അടച്ചിടണം. അഞ്ച് ശതമാനത്തിലേക്ക് ഇവിടെ ടിപിആർ കുറഞ്ഞാൽ മാത്രമേ ഈ മേഖലകൾ തുറക്കാവൂ. അത് വരെ ഈ ജില്ലകൾ അടച്ചിടണം. അതിനായി കുറഞ്ഞത് 5 മുതൽ 8 ആഴ്ച വരെ സമയമെടുക്കാം'', ബൽറാം ഭാർഗവ പറയുന്നു.
35 ശതമാനം ടിപിആർ ഉണ്ടായിരുന്ന ദില്ലിയിൽ ഇപ്പോഴത് 17 ശതമാനമായി കുറഞ്ഞത് ചൂണ്ടിക്കാണിച്ച ബൽറാം ഭാർഗവ, ദില്ലി ഇപ്പോൾ തുറന്നിടരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ''ദില്ലി നാളെ തുറന്നാൽ, വൻ ദുരന്തമാകും ഉണ്ടാകാൻ പോകുന്നത്'', എന്ന് ഡോ. ഭാർഗവ.
കൊവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതി മൂന്നരലക്ഷത്തിലധികം കേസുകളും 4000-ത്തിലധികം മരണങ്ങളുമായി രാജ്യം വിറങ്ങലിച്ച് നിൽക്കുകയാണ്. ആശുപത്രികളും മോർച്ചറികളും നിറഞ്ഞുകവിയുന്നു. ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകർ തികയുന്നില്ല. ഓക്സിജനും മരുന്നുകൾക്കും പലയിടത്തും കടുത്ത ദൗർലഭ്യവും അനുഭവപ്പെടുന്നു.
രാജ്യത്ത് ആകെ മരണം രണ്ടര ലക്ഷം കടന്നു. രണ്ടാഴ്ചയിൽ രാജ്യത്ത് മരിച്ചത് 50,000 പേർ. ആദ്യ കൊവിഡ് തരംഗം നഗരങ്ങളെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ രണ്ടാം തരംഗം ഗ്രാമങ്ങളിലെത്തുകയാണ്. ബിഹാറിലെ 33 ജില്ലകളിലും മധ്യപ്രദേശിലെയും യുപിയിലെയും നാല്പത് വീതം ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് 10നു മുകളിലാണ്.
ഗ്രാമീണ മേഖലയിലേക്ക് ഇത് പടരുന്നതിൽ അലഹബാദ് ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരങ്ങളിലേത് പോലെ രോഗവ്യാപനം നേരിടാനുള്ള അടിസ്ഥാന സൗകര്യം പല ഗ്രാമങ്ങളിലുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാന തെരഞ്ഞെടുപ്പുകളും ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പും മാറ്റവയ്ക്കേണ്ടതായിരുന്നു എന്നും കോടതി ഒരു കേസിലെ ഉത്തരവിൽ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam