
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതിന് പിന്നാലെ രോഗബാധ കൂടുതലുള്ള മേഖലകളില്‍ റാൻഡം പരിശോധന നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു. രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ അടുത്ത പതിനഞ്ച് വരെ അഹമ്മദാബാദ് നഗരം അടച്ചിരിക്കുകയാണ്.
രാജ്യത്ത് മൂവായിരത്തിലേറെ പേര്‍ ദിവസവും രോഗബാധിതരാവുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്,ദില്ലി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന റിപ്പോർട്ടുകൾ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണ്, ചില മേഖലകളില്‍ അതി തീവ്രമായ രോഗവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാന്‍റം പരിശോധന നടത്താനുള്ള ഐസിഎംആറിന്റെ നിർദ്ദേശം. 75 ജില്ലകളിലെ നാനൂറോളം പേരെയാണ് പരിശോധിക്കുക.
അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന 95000 ലെത്തി. കഴിഞ്ഞ ആഴ്ച ഇത് 75000 ആയിരുന്നു . പതിമൂന്നര ലക്ഷം പേരെയാണ് ഇതുവരെ പരിശോധിച്ചത്. ഗുജറാത്തില്‍ രോഗബാധിതര്‍ ഏഴായിരം കടന്നു. അതില്‍ എഴുപത് ശതമാനം രോഗികളും അഹമ്മദാബാദിലാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ഈ നഗരത്തിലെ മരണ നിരക്ക്. രാജ്യത്തെ മരണ നിരക്ക് മൂന്നുശതമാനത്തില്‍ നില്‍ക്കുമ്പോള്‍ അഹമ്മദാബാദിലേത് ആറു ശതമാനത്തിന് മുകളിലെത്തി. രോഗവ്യാപന തോതും മരണ നിരക്കും ഉയര്‍ന്നതോടെയാണ് ഈമാസം 15 വരെ നഗരം അടച്ചിടാന്‍ തീരുമാനിച്ചത്. ഹോട്ടലുകളിലും സ്വകാര്യ ആശുപ്രതികളിലുമായി നാലായിരത്തിലധികം കിടക്കകളാണ് പുതുതായി തയാറാക്കിയത്.
ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. ഉത്തര്‍ പ്രദേശിലെ തീവ്രബാധിത മേഖലകളിലൊന്നായ ആഗ്രയില്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പടെ മൂന്നുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതിനോടകം 319 ജില്ലകള്‍ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam