
ദില്ലി: രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ഐസിഎംആർ. കൊവിഡ് നിയന്ത്രണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിൽ തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാർ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസർക്കാരിൻറെ രണ്ട് അജണ്ടകൾ നടപ്പിലാക്കാൻ ഐസിഎംആർ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ രാജ്യത്തെ കൊവിഡ് കണക്ക് പരമാവധിയിലെത്തുമെന്നും 2021 ഫെബ്രുവരി ആകുമ്പോഴേക്കും സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐസിഎംആർ പ്രഖ്യാപിച്ചു. പിന്നാലെ . രാജ്യം കൊവിഡിനെ അതിജീവിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ രണ്ട് മാസത്തിന് ശേഷം മാർച്ചോടെ ഇന്ത്യയിലെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെകൂടി നിരവധി പേരുടെ മരണത്തിനിടയാക്കി. മുന്നറിയിപ്പുകളിലെ പിഴവ് ചൂണ്ടികാണിച്ച ശാസ്ത്രജ്ഞനായ അനുപ് അഗർവാളിന് ഐസിഎംആറിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നെന്നും, രണ്ടാംതരംഗത്തിൻറെ ഭീഷണി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ നിന്ന് പിൻവലിപ്പിച്ചെന്നും ന്യൂയോർക്ക് ടൈംസിൻറെ റിപ്പോർട്ടിലുണ്ട്.
ഇതിനോടാണ് ഐസിഎംആർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. പ്രകോപനങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ല. ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പൂർണ ശ്രദ്ധ നൽകുന്നത് കൊവിഡ് നിയന്ത്രണത്തിനാണ്. റിപ്പോർട്ട് അപലപനീയമാണെന്നും ഐസിഎംആർ മേധാവി പറഞ്ഞു. റിപ്പോർട്ടുകൾ അപലപനീയമാണെന്നും, അനാവശ്യ പ്രകോപനത്തോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യ മന്ത്രാലയവും നിലപാടെടുത്തു.
കൊവിഡിൻ്റെ യഥാർത്ഥ ചിത്രം മറച്ചു വയ്ക്കാൻ ഐസിഎംആറിന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പറയുന്നു. സാമ്പത്തിക നില മെച്ചപ്പെടാനും, തെരഞ്ഞെടുപ്പുകൾ നടത്താനും രണ്ടാം തരംഗത്തിൻ്റെ ഗൗരവം കണ്ടില്ലെന്ന് നടിച്ചു.
പ്രധാനമന്ത്രി രാഷ്ട്രീയ ഇടപെടൽ നടത്തുന്നുവെന്ന കോൺഗ്രസിൻ്റെ ആശങ്കയെ ശരിവയ്ക്കുന്നതാണ് റിപ്പോർട്ടിൻ്റെ വിശദാംശങ്ങളെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam