ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിച്ചേക്കും

By Web TeamFirst Published Dec 10, 2019, 7:57 AM IST
Highlights

ജനനന്മയ്ക്കായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പറഞ്ഞ മന്ത്രി, ഉത്തരവിനെതിരെ ജില്ലയിലെ സിപിഐ ഉയർത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അറിയിച്ചു

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുന്നത് ആലോചിക്കാമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ജനനന്മയ്ക്കായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പറഞ്ഞ മന്ത്രി, ഉത്തരവിനെതിരെ ജില്ലയിലെ സിപിഐ ഉയർത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അറിയിച്ചു.

ഭേദഗതി വന്നതോടെ പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ റവന്യൂ വകുപ്പിന്‍റെ എൻഒസി വേണമെന്ന സ്ഥിതിയായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാരിന്റെ പിന്നോട്ട് പോക്ക്. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്നത്.

ആദ്യഘട്ടത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ, ഈ ഭേദഗതി മൂന്നാറിലെ എട്ട് പഞ്ചായത്തുകൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഉത്തരവ് പിൻവലിച്ചില്ല. ഇതോടെ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങൾ പണിയുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപണം ഉയർന്നു. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ അടക്കമുള്ള പാ‍ർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. നിയമസഭയിൽ വിഷയം ഉന്നയിച്ചു. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ നിരാഹാരം ഇരുന്നു. ഇതോടെ പ്രശ്നം ചർച്ച ചെയ്യാൻ ഈ മാസം 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു.

click me!