'ഒരു പാക് മുസ്ലിമിന് പൗരത്വവും പദ്മശ്രീയും നൽകാമെങ്കിൽ എന്തിനാണ് സിഎഎ?', എന്ന് കോൺഗ്രസ്

By Web TeamFirst Published Jan 26, 2020, 9:56 PM IST
Highlights

'പാകിസ്ഥാനിലെ മതപീഢനം അനുഭവിക്കുന്ന മുസ്ലിം ഇതര മതവിഭാഗങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനാണ് പൗരത്വ നിയമഭേദഗതി എന്ന് നിങ്ങൾ പറയുന്നു. അതേ നിങ്ങൾക്ക് പാകിസ്ഥാനിൽ നിന്നെത്തിയ മുസ്ലിം അദ്‍നാൻ സമിക്ക് പൗരത്വം നൽകാമെങ്കിൽ പിന്നെ എന്തിനായിരുന്നു പൗരത്വ നിയമഭേദഗതി? മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാനോ?'

ദില്ലി: പാകിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിം ഗായകൻ അദ്‍നാൻ സമിക്ക് പൗരത്വവും പദ്മശ്രീയും നൽകാമെങ്കിൽ പിന്നെ എന്തിനാണ് കേന്ദ്രസർക്കാർ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. സമിക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന് പറഞ്ഞതിന്‍റെ പേരിൽ ഒരിക്കൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ച ബിജെപിക്കാർ ഇപ്പോൾ പൗരത്വപ്രക്ഷോഭം കത്തുമ്പോൾ അത് തണുപ്പിക്കാനാണ് അദ്ദേഹത്തിന് പദ്‍മശ്രീ നൽകിയത്. ഒരു പാക് മുസ്ലിമിന് പൗരത്വം നൽകാൻ വകുപ്പുണ്ടെന്നിരിക്കെ, അതനുസരിച്ച് സമിക്ക് പൗരത്വം നൽകുകയും ചെയ്തു എന്നിരിക്കെ എന്തിനായിരുന്നു പൗരത്വനിയമഭേദഗതി സർക്കാർ കൊണ്ടുവന്നത് എന്ന് ദിഗ്‍വിജയ് സിംഗ് ചോദിക്കുന്നു. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നത വളർത്താൻ വേണ്ടി മാത്രമായിരുന്നു ആ നിയമഭേദഗതിയെന്നും ദിഗ്‍വിജയ് സിംഗ് ആരോപിച്ചു.

''ഒരിക്കൽ അദ്‍നൻ സമിക്ക് പൗരത്വം നൽകണമെന്ന് പറഞ്ഞപ്പോൾ എന്നെ പലരും വളഞ്ഞിട്ട് ആക്രമിച്ചതാണ്. ഇന്ന് അദ്ദേഹത്തിന് പൗരത്വവും പദ്‍മശ്രീയും ലഭിച്ചിരിക്കുന്നു. അതിൽ എനിക്ക് സന്തോഷവുമുണ്ട്. ഒരു പാകിസ്ഥാനി മുസ്ലിമിന് പൗരത്വം നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ എന്തിനാണ് പൗരത്വ നിയമഭേദഗതി? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ?'', എന്ന് ദിഗ്‍വിജയ് സിംഗ്.

ഇതിനിടെ, സമിക്ക് പദ്‍മശ്രീ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയ്‍വീർ ഷെർഗിലും രംഗത്തെത്തി. കാർഗിൽ യുദ്ധ ജേതാവും മുൻ കരസേന ഉദ്യോഗസ്ഥനുമായ അസം സ്വദേശി മുഹമ്മദ് സനാവുള്ളയെ എൻആർ സിയിലൂടെ  വിദേശിയാക്കിയ കേന്ദ്ര സർക്കാർ ഒരു പാക് വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ മകനായ അദ്‍നൻ സമിയെ ആദരിച്ചതിൽ അദ്ഭുതം തോന്നുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്‍വീർ ഷെർഗിലിന്‍റെ പരിഹാസം.

ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 118 പദ്മശ്രീ ജേതാക്കളുടെ പട്ടികയിൽ അദ്‍നൻ സമിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സംസ്ഥാനം മഹാരാഷ്ട്ര എന്നായിരുന്നു പട്ടികയിൽ അടയാളപ്പെടുത്തിയിരുന്നത്.

പാകിസ്ഥാനിലെ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരിലൊരാളുടെ മകനായ അർഷദ് സമി ഖാന്‍റെ മകനാണ് അദ്‍നൻ സമി. 2015-ൽ പൗരത്വത്തിന് അപേക്ഷിച്ച അദ്ദേഹത്തിന്‍റെ അപേക്ഷ 2016 ജനുവരിയിൽ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. 

click me!