എയർക്രാഫ്റ്റ് കാരിയറുകൾ ഘടിപ്പിച്ച ഐഎൻഎസ് വിക്രമാദിത്യയുടെ ആസ്ഥാനം. ഇതിന് സമീപത്ത് നിന്നാണ് ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്

കര്‍ണാടക: കർണാടകത്തിലെ കാർവാറിൽ നാവികസേനാ ആസ്ഥാനത്തിന് സമീപം ജിപിഎസ് ഘടിപ്പിച്ച ദേശാടന പക്ഷിയെ കണ്ടെത്തി. പരിക്കേറ്റ നിലയിൽ കണ്ടത്തിയ കടൽ കാക്കയിലുള്ളത് ചൈനീസ് ജിപിഎസ് ആണെന്ന് വ്യക്തമായതോടെ നാവിക സേനയും പൊലീസും അന്വേഷണം ആരംഭിച്ചു. കടൽ കാക്കയെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.

ഇന്ത്യൻ നാവികസേനയുടെ തന്ത്രപ്രധാന കേന്ദ്രം. എയർക്രാഫ്റ്റ് കാരിയറുകൾ ഘടിപ്പിച്ച ഐഎൻഎസ് വിക്രമാദിത്യയുടെ ആസ്ഥാനം. ഇതിന് സമീപത്ത് നിന്നാണ് ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കാദംബ നേവൽ ബേസിന്റെ പരിധിയിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു കടൽകാക്ക. ശരീരത്തിൽ സൂര്യ വെളിച്ചത്തിൽ പ്രവർത്തിക്കുന്ന ഒരു ജിപിഎസും ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നേവൽ ബേസിലെ ഉദ്യോഗസ്ഥരും കാർവാർ പൊലീസും ദേശാടന പക്ഷിയെ കസ്റ്റഡിയിലെടുത്തത്. കടൽ കാക്കയെ മറീൻ ഫോറസ്റ്റ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

പരിശോധനയിൽ ചൈനീസ് അക്കാദമി സയൻസസിലെ എക്കോ എൻവയോൺമെന്റ് സയൻസിന്റെതാണ് ജിപിഎസ് എന്ന് വ്യക്തമായിട്ടുണ്ട്. കടൽ കാക്കകളുടെ ദേശാടന സ്വഭാവം നിരീക്ഷിക്കാനും പഠന വിധേയമാക്കാനും സ്ഥാപിച്ചതാകാം ഇത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ മാസം ഈ പ്രദേശത്ത് നിരവധി ദേശാടന പക്ഷികൾ എത്തിയിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ തന്ത്രപ്രധാന നാവിക ബേസിന് സമീപമാണ് ജിപിഎസ് കണ്ടെത്തിയത് എന്നതിനാൽ വിശദമായ പരിശോധനയ്ക്ക് തന്നെയാണ് അധികൃതരുടെ നീക്കം. ഇതിനായി ജിപിഎസിൽ കണ്ടെത്തിയ അക്കാദമിയുടെ ഇമെയിൽ വിലാസവുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. നേവിയും കാർവാർ പൊലീസും സംഭവത്തിൽ പ്രത്യേകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇമെയിലിന് മറുപടി കിട്ടുന്നതോടെ ആശങ്ക അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കാർവാറിൽ നാവിക സേന ആസ്ഥാനത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച ​ദേശാടന പക്ഷി