'എന്‍റെ ജിലേബിയാണ് മലിനീകരണം ഉണ്ടാക്കുന്നതെങ്കില്‍ ഇനി ജിലേബിയേ കഴിക്കുന്നില്ല'; വിവാദത്തോട് പ്രതികരിച്ച് ഗംഭീര്‍

By Web TeamFirst Published Nov 18, 2019, 3:20 PM IST
Highlights

യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗംഭീര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജിലേബി കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

ദില്ലി: ദില്ലിയിലെ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്‍ററി പാനല്‍ യോഗത്തില്‍ പങ്കെടുക്കാതെ ഒരു സ്പോര്‍ട്സ് ചാനലിനുവേണ്ടി കമന്‍ററി പറയാന്‍ പോയതില്‍ വിമര്‍ശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഗൗതം ഗംഭീര്‍. വിമര്‍ശനങ്ങളോട് വളരെ ലാഘവത്തോടെയാണ് ഈസ്റ്റ് ദില്ലി എംപികൂടിയായ മുന്‍ ക്രിക്കറ്ററുടെ പ്രതികരണം. ''എന്‍റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം'' എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.

യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗംഭീര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജിലേബി കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതും സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി. മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണനൊപ്പം ജിലേബി കഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതിനെതിരെ ആംആദ്മി പാര്‍ട്ടിയടക്കം ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഗംഭീറിന്‍റെ പ്രതികരണം. 

പാര്‍ലമെന്‍ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ എംസിഡി, ഡിഡിഎ ഉദ്യോഗസ്ഥരില്‍ പലരും യോഗത്തിനെത്തിയില്ല.  പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെയല്ലെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ വിമര്‍സനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്. 

അതേസമയം ഗംഭീര്‍ യോഗത്തില്‍ എത്താതിരുന്നതോടെ ''ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? '' എന്ന തലക്കെട്ടില്‍ പോസ്റ്ററുകള്‍ മണ്ഡലത്തിലുടനീളം പതിച്ചിരുന്നു. ''ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജിലേബി കഴിക്കുന്ന ഗംഭീറിനെയാണ് കണ്ടത്. ദില്ലി മുഴുവന്‍ അദ്ദേഹത്തെ തേടുകയാണ്'' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
 

click me!