ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡികെ, മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല 

By Web TeamFirst Published May 17, 2023, 8:53 AM IST
Highlights

2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുത്.

ബംഗ്ലൂരു : സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ സമവായമാകാത്ത സാഹചര്യത്തിൽ കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ.

സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും ഡി കെ താനുമായി ചർച്ച നടത്തുന്ന ഹൈക്കമാൻഡ് വ്യത്തങ്ങൾക്ക് മുന്നിൽ തുറന്നടിക്കുന്നു. 

ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമെ ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന് വാഗ്ദാനവുമാണ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്.

സോണിയാ ഗാന്ധിയോട് സംസാരിക്കണം, സമവായ ഫോർമുലയിൽ ഉറപ്പ് വേണം: ഡികെ ശിവകുമാർ

അതേ സമയം, സിദ്ധരാമയ്യയും വിട്ടുകൊടുക്കാൻ തയ്യാറല്ല. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം നിന്നത് താൻ മൂലമെന്നാണ് സിദ്ധരാമയ്യയുടെ അവകാശവാദം. അനുനയ നീക്കങ്ങളുമായി ഹൈക്കമാൻഡ് ദില്ലിയിലുള്ള നേതാക്കളുമായി ചർച്ച തുടരും.  

'ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം': ആവശ്യവുമായി ഡികെ ശിവകുമാർ, പ്രഖ്യാപനം നീളും

 

 

click me!