ഫാ. ആന്റണി മടശേരി കുറ്റക്കാരനല്ലെങ്കിൽ പൊലീസ് പൊതുമാപ്പ് പറയണം: ജലന്ധർ ബിഷപ്പ്

By Web TeamFirst Published Apr 5, 2019, 9:29 AM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദർ ആന്റണി മടശ്ശേരിയെ പത്ത് കോടി രൂപയുമായാണ് പിടികൂടിയത്

ജലന്ധർ: പത്ത് കോടി രൂപയുമായി പിടിയിലായ ഫാദർ ആന്റണി മടശേരി കുറ്റക്കാരനല്ലെങ്കിൽ പൊലീസ് പൊതുമാപ്പ് പറയണം എന്ന് ജലന്ധർ ബിഷപ്പ് ഏയ്ഞ്ചലോ ഗ്രാസിയാസ്. അതേസമയം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ വൈദികനെതിരെ കാനൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം പൊതുസമൂഹത്തിൽ രൂപതയ്ക്ക് കനത്ത അപമാനമായെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും മൊഴിയെടുത്ത ശേഷം  പഞ്ചാബ് പോലീസ് വിട്ടയച്ചിരുന്നു. ഇവരിൽ നിന്ന് കണ്ടെടുത്ത 9.66 കോടി രൂപ ആദായ നികുതി വകുപ്പിന് കൈമാറി. പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിവരം. പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയിലാണ് 9 കോടി 66 ലക്ഷം രൂപ കണ്ടെത്തിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം താൻ സ്വന്തമായി നടത്തുന്ന ബിസിനസിൽ നിന്നുള്ള വിഹിതം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് വൈദികൻ വ്യക്തമാക്കിയത്. തങ്ങളുടെ പക്കൽ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

പണത്തിന്റെ ഉറവിടം വ്യക്തമാകും മുൻപ് തന്നെ ഇത് ഹവാല പണമാണെന്ന് പൊലീസ് വാർത്ത പുറത്തുവിട്ടതാണ് ബിഷപ്പ് ഏയ്ഞ്ചലോ ഗ്രാസിയാസ് വിമർശിച്ചത്. വൈദികന് ബിഷപ്പിന്റെ അനുമതിയോടെ ബിസിനസ് നടത്താൻ കാനൻ നിയമം അനുവദിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈദികനോട് സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

click me!