ഫാത്തിമ ലത്തീഫിന്റെ മരണം: മദ്രാസ് ഐഐടിക്ക് മുന്നിൽ പോപ്പുല‍ര്‍ ഫ്രണ്ട് പ്രതിഷേധം

By Web TeamFirst Published Dec 12, 2019, 4:50 PM IST
Highlights
  • മദ്രാസ് ഐഐടിക്ക് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രവ‍ർത്തകർ പ്രതിഷേധിച്ചു
  • പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐഐടി മദ്രാസിന് മുന്നിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധം. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വൈകുന്നതിനെതിരെയാണ് പ്രതിഷേധം.

മദ്രാസ് ഐഐടിക്ക് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രവ‍ർത്തകർ പ്രതിഷേധിച്ചു. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് മാറ്റി.

ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരിച്ചെന്ന് പറയുന്ന കയറിൽ കുരുക്കില്ലായിരുന്നുവെന്നും പിതാവ് ലത്തീഫ് നേരത്തെ ആരോപിച്ചിരുന്നു. 

"മൃതദേഹത്തിൽ തൂങ്ങിമരിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രേഖകൾ നശിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. മുറിയിൽ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങൾ ഉടനെ മാറ്റി'. പോസ്റ്റ്മോർട്ടം വീഡിയോ എടുക്കുകയോ വിരലടയാളം ശേഖരിക്കുകയോ ചെയ്തില്ലെന്നും ലത്തീഫ് വ്യക്തമാക്കി. 

മദ്രാസ് ഐഐടി മുൻ അധ്യാപിക വസന്ത കന്തസാമിക്ക് ഭീഷണി ലഭിച്ചത് ഗൗരവകരമാണ്. ഇക്കാര്യം പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായും ലത്തീഫ് പറഞ്ഞിരുന്നു. 

മദ്രാസ് ഐഐടിയിലെ ജാതി വിവേചനത്തെക്കുറിച്ച് മുന്‍ അധ്യാപിക വസന്ത കന്തസ്വാമി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ സമ്പൂര്‍ണ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും ദളിത് മുസ്ലീം വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നുവെന്നുമായിരുന്നു വസന്ത കന്തസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ വസന്ത കന്തസ്വാമിയുടെ ഫോണിലേക്ക് നെറ്റ് നമ്പറുകളില്‍ നിന്ന് വിളിയെത്തി. ഇത്തരം അഭിമുഖങ്ങള്‍ നല്‍കരുതെന്നായിരുന്നു ഭീഷണി. 

click me!