
ലഖ്നൌ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ഉൾപ്പെട്ട ബലാത്സംഗക്കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ പെൺകുട്ടിക്ക് ജാമ്യം. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൻമേലാണ് ഇരയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മുമ്പ് ഷജൻപൂർ കീഴ്ക്കോടതി പെൺകുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒരു വർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു.
പണാപഹരണം, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അക്രമ മനോഭാവത്തോടയുള്ള ക്രിമിനൽ പ്രവർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പെൺകുട്ടിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ചിന്മയാനന്ദയുടെ അഭിഭാഷകൻ ഓംസിംഗ് നൽകിയ പരാതിയിലാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഇവരെ അറസ്റ്റ് ചെയ്തത്. നിയമസംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അവസാന ശ്വാസം വരെ നീതി ലഭിക്കാൻ പോരാടുമെന്നും ജാമ്യം കിട്ടിയ ശേഷം പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചിന്മയാനന്ദ് നശിപ്പിച്ച അവളുടെ ഭാവി വീണ്ടെടുക്കാൻ ശ്രമിക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. നിയമസംവിധാനത്തിൽ വിശ്വാസമർപ്പിക്കുന്നു. നീതിയ്ക്കായി അവസാനം വരെ പോരാടും. പരീക്ഷ എഴുതുന്നതിനായി അനുവാദം ലഭിക്കാൻ ഹൈക്കോർട്ട് മോണിട്ടറിംഗ് ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 20 മുതൽ ചിന്മയാനന്ദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam