
മുംബൈ: താക്കറെ കുടുംബത്തിന് അനധികൃത സ്വത്ത് ഉണ്ടെന്നും സിബിഐ, ഇഡി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. റിപ്പോർട്ടുകൾ പ്രകാരം മുംബൈ സ്വദേശിനിയായ ഗൗരി ഭിഡെയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ്, ആദിത്യ താക്കറെ എന്നിവർക്ക് അനധികൃത സ്വത്ത് ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. താക്കറെ കുടുംബം തങ്ങളുടെ ഔദ്യോഗിക വരുമാന സ്രോതസ്സായി ഒരു പ്രത്യേക സേവനവും തൊഴിലും ബിസിനസും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. എന്നിട്ടും അവർക്ക് മുംബൈയിലും റായ്ഗഡ് ജില്ലയിലും കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നും ഗൗരിയുടെ ഹർജിയിലുണ്ട്. അന്ധേരി (കിഴക്ക്) നിയമസഭാ ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പാണ് താക്കറെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
അതിനിടെ, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്ത മാസം മഹാരാഷ്ട്രയിൽ പ്രവേശിക്കാനിരിക്കെ, പാർട്ടിയുടെ ഒരു പ്രതിനിധി സംഘം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും കണ്ട് അവരെ ഈ പരിപാടിയുടെ ഭാഗമാകാൻ ക്ഷണിച്ചു. മഹാരാഷ്ട്രയുടെ പാർട്ടി ചുമതലയുള്ള എച്ച്‌കെ പാട്ടീൽ, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻ സംസ്ഥാന അധ്യക്ഷൻ ബാലാസാഹേബ് തൊറാട്ട്, മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്താപ്, പാർട്ടി നേതാക്കളായ വിശ്വജിത് കദം, അമർ രാജൂർക്കർ, നസീം ഖാൻ, സന്ദീപ് താംബെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭാരത് ജോഡോ യാത്ര ഇതുവരെ തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങൾ പിന്നിട്ടു. മഹാരാഷ്ട്ര കോൺഗ്രസ് പ്രതിനിധികൾ താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. യശ്വന്ത്റാവു ചവാൻ പ്രതിഷ്ഠാനിലെത്തിയാണ് പവാറിനെ സന്ദർശിച്ചത്. എൻസിപിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോൺഗ്രസ് കൂടി ഭാഗമായ മഹാ വികാസ് അഘാഡിയുടെ സഖ്യകക്ഷികളാണ്.