'യുദ്ധസമയത്ത് പോലും ആശുപത്രികള്‍ സുരക്ഷിത മേഖലയാണ്'; പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ഐഎംഎ

By Web TeamFirst Published Dec 23, 2019, 5:14 PM IST
Highlights

യുദ്ധസമയത്ത് പോലും ആശുപത്രികള്‍ സുരക്ഷിത മേഖലയാണ്. അഫ്ഗാന്‍ യുദ്ധകാലത്ത് ആശുപത്രികള്‍ക്കു നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെ ഐഎംഎ ശക്തമായി അപലപിച്ചിട്ടുണ്ട്.

ദില്ലി: മംഗളൂരിവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് നടത്തിയ നടപടിക്കിടെ ആശുപത്രിയില്‍ കയറി ആക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രിയില്‍ പൊലീസ് കയറിയത് അംഗീകരിക്കാനാകില്ലെന്നും ആശുപത്രിക്കുള്ളില്‍ ആരായാലും ആക്രമം അംഗീകരിക്കാനാകില്ലെന്നും ഐഎംഎ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ദേശീയ പ്രസിഡന്‍റ് ശന്തനു സെന്‍, ജനറല്‍ സെക്രട്ടറി ഡോ. ആര്‍ വി അശോകന്‍ എന്നിവരാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

യുദ്ധസമയത്ത് പോലും ആശുപത്രികള്‍ സുരക്ഷിത മേഖലയാണ്. അഫ്ഗാന്‍ യുദ്ധകാലത്ത് ആശുപത്രികള്‍ക്കു നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെ ഐഎംഎ ശക്തമായി അപലപിച്ചിട്ടുണ്ട്. അസ്വസ്ഥതപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മംഗളൂരുവില്‍ നിന്ന് ലഭിച്ചത്. ഐസിയുവില്‍ വരെ പൊലീസ് പ്രവേശിച്ചു. ഇത് അംഗീകരിക്കാനാകില്ല. ചികിത്സ ലഭിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സര്‍ക്കാറിനുപോലും ഇതൊന്നും നിഷേധിക്കാനാകില്ല. ഐസിയു വാതില്‍ പൊലീസ് തള്ളിത്തുറക്കുന്നതുമായ ദൃശ്യങ്ങള്‍ പുതിയ രീതിയുടെ തുടക്കമാണെന്നതിന്‍റെ സൂചനകളാണ്.

ആശുപത്രികളെ സുരക്ഷാകേന്ദ്രമാക്കി നിലനിര്‍ത്തുന്നതിനാണ് ഐഎംഎ ശ്രമിക്കുന്നത്. ആശുപത്രിയിലെത്തുന്നവര്‍ക്കെല്ലാം ആശ്വാസവും ചികിത്സയും നല്‍കുന്ന ദൗത്യത്തില്‍നിന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പിന്മാറില്ല. ഈ പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഐഎംഎ വ്യക്തമാക്കി.

click me!