ബെംഗളൂരുവിലെ ട്രാഫിക് പൊലീസ് ബൊമ്മകൾ ഇനി പാരീസിലെ നിരത്തുകളിലും

By Web TeamFirst Published Dec 23, 2019, 4:50 PM IST
Highlights

ട്രാഫിക് ബൊമ്മകളെ സ്ഥാപിച്ച ശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞതായും ജനങ്ങളിൽ നിന്ന് നല്ല പ്രതികണമാണ് ലഭിക്കുന്നതെന്നും സിറ്റി ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ബി ആർ രവികാന്ത ഗൗഡ പറയുന്നു.

ബെംഗളൂരു: ഗതാഗത നിയമലംഘനകൾ കുറച്ചുകൊണ്ടുവരാൻ ഗതാഗതവകുപ്പ് സ്വീകരിച്ച ഏറ്റവും ഒടുവിലത്തെ പരീക്ഷണമായിരുന്നു നഗരത്തിലെ നിരത്തുകളിൽ ട്രാഫിക് പൊലീസ് ബൊമ്മകളെ സ്ഥാപിക്കുക എന്നത്. പരീക്ഷണം ഫലം കണ്ടുതുടങ്ങിയതോടെ പദ്ധതി മറ്റു രാജ്യങ്ങളും പ്രാവർത്തികമാക്കാനൊരുങ്ങുകയാണ്. നഗരത്തിലെ റോഡുകളിൽ ട്രാഫിക് പൊലീസ്  ബൊമ്മകൾ സ്ഥാപിച്ചതിനു ശേഷമുള്ള മാറ്റങ്ങളെ കുറിച്ചറിയാൻ പാരീസ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവുവുമായി ചർച്ച നടത്തിയിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥർ പാരീസിലെ നിരത്തുകളിലും ട്രാഫിക് പൊലീസ് ബൊമ്മകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

ട്രാഫിക് ബൊമ്മകളെ സ്ഥാപിച്ച ശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞതായും ജനങ്ങളിൽ നിന്ന് നല്ല പ്രതികണമാണ് ലഭിക്കുന്നതെന്നും സിറ്റി ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ബി ആർ രവികാന്ത ഗൗഡ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവുവാണ് 'ട്രാഫിക് പൊലീസ് ബൊമ്മ' എന്ന ആശയം കൊണ്ടുവന്നത്. വിളകൾ നശിപ്പിക്കാനെത്തുന്ന പക്ഷികളെയും മൃഗങ്ങളെയും അകറ്റുന്നതിനായി കർഷകർ പാടങ്ങളിൽ സ്ഥാപിക്കുന്ന മനുഷ്യബൊമ്മകളെ കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് മനസ്സിലുദിച്ചതെന്ന് ഭാസ്കർ റാവു മുൻപ് സൂചിപ്പിച്ചിരുന്നു.

നിലവിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 250ഓളം ട്രാഫിക് പൊലീസ് ബൊമ്മകളെയാണ് നിർത്തിയിരിക്കുന്നത്. 4500 ഒറിജിനൽ ട്രാഫിക് പൊലീസുകാർക്ക് പുറമേയാണിത്. ഒരോ ദിവസവും നഗരത്തിലെ ജംങ്ഷനുകളിൽ സ്ഥാപിക്കുന്ന ബൊമ്മകൾ അടുത്ത ദിവസം നീക്കം ചെയ്യുകയും അവിടെ യഥാർത്ഥ പൊലീസ് നിലയുറപ്പിക്കുകയും ചെയ്യും. മൂന്നാമത്തെ ദിവസം ബൊമ്മയും പൊലീസും അപ്രത്യക്ഷമാവുമെങ്കിലും ആളുകൾക്ക് അവിടെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാവും. എന്നാൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഇതാവർത്തിക്കുമെന്നും പൊലീസ് പറയുന്നു.

ദിവസം അഞ്ചു പൊലീസ് ബൊമ്മകളെ വരെ നഗരത്തിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്നുണ്ടെന്നും ഇവയിൽ സിസിടിവി സ്ഥാപിക്കാൻ പദ്ധതിയുള്ളതായും രവികാന്തഗൗഡ അറിയിച്ചു. യഥാർത്ഥ പൊലീസുകാരെ അനുകരിച്ച് വെളള ഷർട്ടും കാക്കി പാന്റ്സും ജാക്കറ്റുമെല്ലാം ധരിച്ചു നിൽക്കുന്ന പൊലീസ് ബൊമ്മ നിർമ്മിക്കാൻ ഏകദേശം 3000 രൂപ മുതൽ 6000  രൂപ വരെയാണ് ചിലവ്.

2022 ഓടെ നഗരത്തിലെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം 80 ലക്ഷം കവിയുമെന്നാണ് കണക്ക്. അത്രയും വാഹനങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള ട്രാഫിക് പൊലീസുകാരുടെ എണ്ണം വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യവും കൂടി കണക്കിലെടുത്താണ് ഗതാഗത വകുപ്പ്  ട്രാഫിക് പൊലീസ് ബൊമ്മകൾ സ്ഥാപിച്ചത്. 

click me!