കളിയിക്കാവിള കൊലക്കേസ് പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടി, സംഘത്തിൽ 17 പേർ

By Web TeamFirst Published Jan 15, 2020, 11:23 AM IST
Highlights

കർണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് അറസ്റ്റിലായ പ്രതികളുൾപ്പടെയുള്ളവർ ഒന്നിച്ച് തുടർനടപടികൾ ആസൂത്രണം ചെയ്തത്. ദേശീയ അന്വേഷണ ഏജൻസി കേസിൽ ഇടപെടാനുള്ള സാധ്യത ഏറെയാണ്.

ചെന്നൈ: കളിയിക്കാവിളയിൽ സ്പെഷ്യൽ എസ്ഐയായിരുന്ന വിൽസണെ ചെക്ക് പോസ്റ്റിൽ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടിയെന്ന് ഞങ്ങളുടെ ചെന്നൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമാണ് അറസ്റ്റിലായ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) തമിഴ്‍നാട് ക്യൂബ്രാഞ്ചിന് മൊഴി നൽകിയത്. ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

കർണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതും നടപടികൾ ആസൂത്രണം ചെയ്തിരുന്നതും. അൽ-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെ, തമിഴ്‍നാട് നാഷണൽ ലീഗ് എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവർത്തിച്ചിരുന്നത്. 

17 പേർ സംഘത്തിലുണ്ടെന്നും, തമിഴ്‍നാട്ടിൽ നിന്ന് പുറത്തേക്ക് പ്രവർത്തനങ്ങൾ മാറ്റിയതായും ഇവർ പൊലീസിന് മൊഴി നൽകി. ഇപ്പോൾ അറസ്റ്റിലായ അബ്ദുൾ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ൽ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതോടെയാണ്, സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പ്രവർത്തനങ്ങൾ കർണാടകത്തിലേക്ക് മാറ്റി. 

കർണാടകത്തിൽ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവർ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതും. അൽ-ഉമ്മയുടെ തീവ്രവാദ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നു. കൂടുതൽ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടയിലാണ്, ദില്ലിയിലും യോഗം ചേർന്ന് തീവ്രവാദപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും, നേപ്പാളിലടക്കം സന്ദർശനം നടത്തിയവർ സംഘത്തിലുണ്ടെന്നും അറസ്റ്റിലായവർ മൊഴി നൽകുന്നത്. ഇതിൽ മൂന്ന് പേർക്ക് ചാവേറാകാൻ പരിശീലനം കിട്ടിയിട്ടുണ്ടെന്നുമാണ് മൊഴി.

ഈ മാസം എട്ടാം തീയതി രാത്രി വിൽസണെ വെടിവച്ച്ത് ഇവർ രണ്ടുപേരുമാണെന്ന് സംഭവം നടന്ന് പിറ്റേന്ന് തന്നെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നതാണ്. തിങ്കളാഴ്ച ബെംഗളുരുവിലെ രാമനഗരയിൽ അറസ്റ്റിലായ ഇജാസ് പാഷയിൽ നിന്ന് കിട്ടിയ വിവരങ്ങൾ അറസ്റ്റിന് സഹായകരമായി. ടാക്സി ഡ്രൈവറായ ഇജാസാണ് മുംബൈയിൽ നിന്ന് എത്തിച്ച തോക്ക് തൗഫീഖിന് ബെംഗളുരുവിൽ വച്ച് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

കർണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്നാണ് തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവൽ എക്സ്പ്രസിൽ യാത്ര ചെയ്യവേ പ്രതികളെ ചൊവ്വാഴ്ച പിടികൂടിയത്. 

കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസിന് തെളിവ് ലഭിച്ച രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കിട്ടിയതിനെത്തുടർന്ന് കേരളത്തിലും തമിഴ്‍നാട്ടിലുമായി പതിനഞ്ചോളം പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

click me!