
ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി സഹകരണം കൂട്ടാമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കര്‍ താലിബാൻ വിദേശകാര്യമന്ത്രിയുമായാണ് ധാരണയുണ്ടാക്കിയത്. ആദ്യമായിട്ടാണ് താലിബാൻ സര്‍ക്കാരിന്‍റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ ചര്‍ച്ച നടത്തുന്നത്. ഫോണിലാണ് ഇരുവരും തമ്മിൽ ചര്‍ച്ച നടത്തിയത്.
വിസ നല്കുന്നത് വീണ്ടും തുടങ്ങുന്നത് ആലോചിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാത്തതിന് ഇന്ത്യ നന്ദി അറിയിച്ചു. ജയിലിലുള്ള അഫ്ഗാനികളെ ഇന്ത്യ വിട്ടയക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്ഗാനിലെ താലിബാൻ സര്‍ക്കാരിന്‍റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് എസ് ജയ്‍ശങ്കര്‍ എക്സിൽ കുറിച്ചു.
അഫ്ഗാനിലെ താലിബാൻ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാൻ മുട്ടാകിയുമായി സംസാരിച്ചുവെന്നും അഫ്ഗാനിലെ ജനങ്ങളുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് അടക്കം സംസാരിച്ചുവെന്നും എസ് ജയ്‍ശങ്കര്‍ പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കം പിന്തുണ തുടരുമെന്നും അഫ്ഗാനുമായുള്ള സഹകരണം തുടരുന്ന കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി.