
ദില്ലി: ടൂറിസം രംഗത്ത് തുർക്കിയും അസർബൈജാനും നേരിടുന്നത് കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുകയാണ്. അവധിക്കാലമായ ഇപ്പോൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്സൈറ്റുകളുടെ കണക്ക്. വിമാന നിരക്കുകളിലും കുത്തനെ കുറവ് വന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
രണ്ട് ദിവസം മുന്നേ വരെ ഇസ്താംബൂളിലേക്കും ബാക്കുവിലേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് ഒന്നിന് ഒന്നര ലക്ഷം മുതൽ അറുപതിനായിരം രൂപ വരെയാകുമായിരുന്നു. ഇപ്പോൾ അത് 50 ശതമാനത്തിലധികം കുറഞ്ഞ് ഇരുപത്തിയയ്യായിരം രൂപ വരെയായി. ഇന്ത്യയിൽ നിന്നുള്ള തുർക്കിഷ് എയർലൈൻസിന്‍റെ പല വിമാന സർവീസുകളും ആളില്ലാത്തത് കൊണ്ട് റദ്ദാക്കി.
കേരളത്തിലടക്കം,രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് കമ്പനിയെ ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. കാർഗോ കൈകാര്യം ചെയ്യുന്ന സെലബി എയര്‍പോര്‍ട്ട് സര്‍വീസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. പാക് പിന്തുണയുടെ പേരില്‍ തുര്‍ക്കിയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ സുതാര്യമായ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് സെലെബിയുടെ വിശദീകരണം.
മുംബൈ, ദില്ലി ഉള്‍പ്പെടെ തിരക്കേറിയ വിമാനത്താവളങ്ങൾ, കൊച്ചി, കണ്ണൂര്‍ എന്നീ കേരളത്തിലെ വിമാനത്താവളങ്ങള്‍ ഇങ്ങനെ രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലെ പ്രധാന ഗ്രൗണ്ട് ഹാൻഡ്‍ലിങ് സെലബി എയര്‍പോര്‍ട്ട് സര്‍വീസിനായിരുന്നു. ഇതിനുള്ള സുരക്ഷാ ക്ലിയറന്‍സാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി റദ്ദാക്കിയത്. പാകിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്ന രാജ്യമാണ് തുര്‍ക്കി. ആ രാജ്യം, ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് തന്ത്രപ്രധാന, വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.
അതിനിടെ രാജ്യത്തെ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുര്‍ക്കിയുമായുള്ള ധാരണാപത്രം റദ്ദാക്കുകയാണ്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല തുര്‍ക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രങ്ങളും റദ്ദാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഹൈദരാബാദിലെ മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയും തുര്‍ക്കിയിലെ സര്‍വകലാശാലകളുമായുള്ള ധാരണ റദ്ദാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam