ആന്ധ്രയില്‍ കോണ്‍ഗ്രസും ബിജെപിയും നോട്ടയ്ക്ക് പിന്നില്‍

By Web TeamFirst Published May 25, 2019, 1:25 PM IST
Highlights

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ നോട്ട നേടിയത് 1.5 ശതമാനം വോട്ടുകള്‍. ബിജെപിയ്ക്ക് കിട്ടിയതാകട്ടെ 0.96 ശതമാനവും കോണ്‍ഗ്രസിന് കിട്ടിയത് 1.29 ശതമാനം വോട്ടുകളുമായിരുന്നു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പോരാട്ടത്തില്‍ ഏര്‍പ്പെട്ടതോടെ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും നോട്ടയ്ക്ക് പിന്നിലായി. ആന്ധ്രയിലെ ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും മേല്‍ വോട്ടു പിടിച്ച് മൂന്നാം സ്ഥാനത്ത് വോട്ടു കിട്ടിയത് നോട്ടയ്ക്ക്.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ നോട്ട നേടിയത് 1.5 ശതമാനം വോട്ടുകള്‍. ബിജെപിയ്ക്ക് കിട്ടിയതാകട്ടെ 0.96 ശതമാനവും കോണ്‍ഗ്രസിന് കിട്ടിയത് 1.29 ശതമാനം വോട്ടുകളുമായിരുന്നു. 175 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിലും സ്ഥിതി വിഭിന്നമായിരുന്നു. നോട്ടയ്ക്ക് 1.28 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപിയ്ക്ക് 0.84 ശതമാനവും കോണ്‍ഗ്രസിന് കിട്ടിയത് 1.17 ശതമാനവും വോട്ടുകളുമായിരുന്നു. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരു റോളും ഇല്ലായിരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും നേരിട്ടത് വന്‍ തോല്‍വി.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും സകല സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടിയില്ല. കാശു പോയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നരസാരാവോപേട്ട ലോക്‌സഭാ സീറ്റില്‍ മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കണ്ണാ ലക്ഷ്മി നാരായണയും കല്യാണ്‍ ദുര്‍ഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്‍ രഘുവീര റെഡ്ഡിയും ഉള്‍പ്പെടുന്നു. 2014 ല്‍ കോണ്‍ഗ്രസിന് 2.8 ശതമാനം വോട്ടുകള്‍ കിട്ടിയതാണ്. ഇത്തവണ അതുപോലും ഉണ്ടായില്ല.

click me!