
ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഗുജറാത്തിൽ രാജ്യവിരുദ്ധ ഘടകങ്ങൾക്കെതിരെ "ആന്റി റാഡിക്കലൈസേഷൻ സെൽ" ആരംഭിക്കുമെന്ന് ബിജെപിയുടെ വാഗ്ദാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പാർട്ടി നൽകിയ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
"ആൻറി റാഡിക്കലൈസേഷൻ സെൽ രാജ്യവിരുദ്ധ ഭീഷണികളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കും. റാഡിക്കൽ ഗ്രൂപ്പുകളുടെയും തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും സ്ലീപ്പർ സെല്ലുകളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യും". ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. സ്വകാര്യ, പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ നിയമം നിലവിൽ വരും. ഇന്ത്യാ വിരുദ്ധ ശക്തികളെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് നദ്ദയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. 22 വർഷമായി സംസ്ഥാനം സമാധാനപരമായിരുന്നു എന്ന പാഠം, ഗുജറാത്തിലെ വർഗീയ കലാപത്തിന് ഉത്തരവാദികളായവരെ പഠിപ്പിച്ചു എന്നാണ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ ഇന്നലെ പറഞ്ഞത്. ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാൻ കോൺഗ്രസ് പ്രേരിപ്പിച്ചു. അത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.
ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ദ്വാരകയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിർമിക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി സ്കൂട്ടർ, പ്രായമായ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 20000 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
Read Also: ഇതൊക്കെയല്ലേ 2002 ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം...; അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam